Monday, December 15, 2025

സ്വര്‍ണക്കടത്തിൽ ഉന്നതരും കുടുങ്ങും; വിമാനത്താവള പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിക്കും

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവർത്തിച്ച ഉന്നതരെ കണ്ടെത്താന്‍ കസ്റ്റംസിന്റെ ശ്രമം. സ്വര്‍ണം എത്തിയ ദിവസങ്ങളിലെ തിരുവനന്തപുരം വിമാനത്താവള പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഉന്നതരുടെ വാഹനങ്ങള്‍ അവിടെ എത്തിയോയെന്ന് അറിയുകയാണ് ലക്ഷ്യം. പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നടക്കം വിളിവന്നുവെന്ന ആരോപണം നിലനില്‍ക്കെ ഉന്നതബന്ധത്തേക്കുറിച്ചുള്ള അന്വേഷണം ഈ കേസില്‍ ഏറെ നിര്‍ണായകമാണ്.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലെത്തുന്ന ബാഗേജില്‍ യഥാര്‍ത്ഥ വസ്തുക്കള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലാകും സ്വർണ്ണമെത്തുക. ഇങ്ങനെ വരുന്ന വരുന്ന ബാഗ് സരിത്തോ സ്വപ്നയോ പരിശോധന കൂടാതെ വിമാനത്താവളത്തിന് പുറത്തെത്തിക്കുന്നു. തുടർന്ന് പുറത്ത് കാത്ത് ഉന്നതരോ അവരുമായി അടുപ്പമുള്ളവരോ ഈ സ്വര്‍ണം മാത്രം കൈപ്പറ്റുകയും യഥാര്‍ത്ഥ പാഴ്സല്‍ കോണ്‍സുലേറ്റില്‍ എത്തിക്കുകയും ചെയ്യുന്നു. ഇങ്ങിനെ സ്വര്‍ണം കൈപ്പറ്റാന്‍ ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് ഇപ്പോൾ കസ്റ്റംസ്. ഒന്നര വര്‍ഷത്തിനിടെ ഈ സംഘം സ്വര്‍ണം കടത്തിയ ദിവസങ്ങളും സമയവും കസ്റ്റംസ് മനസിലാക്കിയിട്ടുണ്ട്.

ഇതേ സമയങ്ങളിലെ എയര്‍ കാര്‍ഗോയുടെയും വിമാനത്താവളത്തിന്റെയും പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിക്കും. ദൃശ്യങ്ങളിലെ വാഹനങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പോലും ഉന്നതരെ കണ്ടെത്താനാകും. എയര്‍പോര്‍ട് അതോറിറ്റിയുടെ ക്യാമറയിലെ ദൃശ്യങ്ങള്‍ ആറ് മാസത്തിലേറെ സൂക്ഷിക്കാറുള്ളതിനാല്‍ പരിശോധന സാധ്യമാണെന്നും കരുതുന്നു.

Related Articles

Latest Articles