ബംഗ്ലാദേശിനെതിരായ ട്വന്റി -20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിലിടം നേടി. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് അവസരമൊരുങ്ങിയത്. യശസ്വി ജയ്‌സ്വാളിനും ശുഭ്മാന്‍ ഗില്ലിനും വിശ്രമം അനുവദിച്ചതും സഞ്ജുവിന് ഗുണം ചെയ്തു.കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെ പരിഗണിച്ചില്ല. കഴിഞ്ഞ ഐപിഎൽ സീസണിന്റെ കണ്ടെത്തലായപേസ് ബൗളർ മായങ്ക് യാദവും ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്.മായങ്കിനൊപ്പം ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും ആദ്യമായി ടീമിലെത്തി.
ഒക്ടോബര്‍ ആറാം തീയതി ഗ്വാളിയറിലാണ് ആദ്യ മത്സരം. ഒമ്പതാം തീയതി ദില്ലിയിൽ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന്‍ നീക്കങ്ങള്‍.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

