Thursday, January 1, 2026

പുലിക്കും രക്ഷയില്ല; ഇടുക്കിയിൽ പുള്ളിപ്പുലിയെ കൊന്ന് കറിവച്ച്‌ ഭക്ഷിച്ചു; അഞ്ചു പേര്‍ പിടിയിൽ

ഇടുക്കി: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു തിന്നു. ആറ് വയസുള്ള പുള്ളിപ്പുലിയെയാണ് വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ നിന്ന് കെണിവച്ച്‌ പിടിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വനോദിന്റെ നേതൃത്വത്തില്‍ ആറു വയസു വരുന്ന പുലിയെ പിടിച്ചത്. ഇന്നലെ തോലുരിച്ച്‌ പത്തു കിലോയോളം ഇറച്ചിയെടുത്ത് കറിയാക്കിയത്. പുലിയുടെ തോലും പല്ലും നഖവും വില്‍പ്പനയ്ക്കായും മാറ്റിയിരുന്നു.കേസില്‍ മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസില്‍, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സലി കുഞ്ഞപ്പന്‍, വടക്കും ചാലില്‍ വിന്‍സന്റ് എന്നിവരെയാണ് വനപാലകര്‍ അറസ്റ്റ് ചെയ്തത്.

മാങ്കുളം റെയ്ഞ്ച് ഓഫീസര്‍ ഉദയസൂര്യന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. വിനോദിന്‍റെ വീടിനടുത്തുവെച്ചാണ് പുലിയെ സംഘം പിടികൂടിയത്. ശേഷം പുലിയുടെ തൊലി ഉണക്കാനായി വീടിന് പുറത്ത് ഇട്ടിരുന്നു. ഇത് സമീപവാസികള്‍ കാണുകയും വനം വകുപ്പിന് വിവരങ്ങള്‍ നല്‍കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.10 കിലോഗ്രാം മാംസവും പ്രതികളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇരുമ്ബു കേബിള്‍ ഉപയോഗിച്ചാണ് കൃഷിടത്തില്‍ കെണി ഒരുക്കിയിരുന്നത്.

Related Articles

Latest Articles