Sunday, December 14, 2025

ബംഗാള്‍ വീണ്ടും പുകയുന്നു: രണ്ട് മരണം പിന്നില്‍ പോലീസും തൃണമൂല്‍ കോണ്‍ഗ്രസുമെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സംഘര്‍ഷത്തില്‍ രണ്ടു മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വഴിയോരക്കച്ചവടക്കാരനായ രാംബാബു ഷാ എന്നയാളും തിരിച്ചറിയാത്ത മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അടിയന്തര യോഗം വിളിച്ചു. പോലീസും തൃണമൂല്‍ കോണ്‍ഗ്രസുമാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.

പോലീസ് വെടിവയ്പ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നും ബിജെപി ആരോപിക്കുന്നു. ബിജെപി എംഎല്‍എമാരുടെ സംഘം സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ബിജെപി എംപി അര്‍ജുന്‍ സിങ് വ്യക്തമാക്കി.

ഇന്നു രാവിലെ കൊല്‍ക്കത്തയിലെ ബട്പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്തെ ഒരു പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുന്നിലായിരുന്നു സംഘര്‍ഷമുണ്ടായത്. നാടന്‍ തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്്ക്കുകയും ബോംബുകള്‍ എറിയുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേയ്ക്ക് വെടിവയ്ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

തലയ്ക്ക് പിന്നില്‍ വെടിയേറ്റ നിലയിലാണ് സംഭവസ്ഥലത്തുനിന്ന് രാംബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ഒരു പാനിപൂരി വില്‍പനക്കാരനാണ് 17 വയസ്സുകാരനായ രാംബാബു. നാലു പേരെ പരിക്കുകളോടെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയില്‍ വച്ചാണ് ഇതില്‍ ഒരാള്‍ മരിച്ചത്. മറ്റു മൂന്നുപേരുടെ നില ഗുരുതരമാണ്.

Related Articles

Latest Articles