കൊല്ലം: പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുവൽസര ആഘോഷങ്ങൾക്കായിയാണ് ലഹരിയെത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പത്തനാപുരം കൊല്ലംകടവിൽ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചത്. വിശാഖപട്ടണം സ്വദേശികളായ ശ്രാവൺകുമാർ, രാമു എന്നിവരെയാണ് ലഹരികടത്തിയതിനും കൈവശം വച്ചതിനും അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശിൽ നിന്ന് ട്രയിൻ മാർഗം കായംകുളത്തെത്തിയ യുവാക്കൾ അവിടെ നിന്ന് ഓട്ടോ റിക്ഷയിലാണ് പത്തനാപുരത്ത് എത്തിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ആർക്ക് വേണ്ടിയാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്ന് യുവാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ മൊബൈൽ ഫോൺ കോൾ വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.

