Sunday, December 14, 2025

റഷ്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് സംശയം !സര്‍ക്കാര്‍ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളില്‍ ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തി യുക്രെയ്ൻ

കീവ് : റഷ്യയുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ യുക്രെയ്നിൽ സര്‍ക്കാര്‍ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളില്‍ ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തി. റഷ്യ നടത്തുന്ന നിരീക്ഷണങ്ങളിലെ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് നടപടി. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ പ്രതിരോധ കൗണ്‍സിലാണ് ടെലഗ്രാം നിരോധിച്ച വിവരം അറിയിച്ചത്. ടെലഗ്രാം ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയെടുക്കാൻ റഷ്യയുടെ പ്രത്യേക സേനയ്ക്ക് സാധിക്കുമെന്ന് തെളിവുകളോടെ യുക്രെയ്‌നിന്റെ ജിയുആര്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സി തലവന്‍ കിറിലോ ബുഡനോവ് കൗണ്‍സിലില്‍ അറിയിച്ചിരുന്നു. പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കിയുടെ സൈനിക കമാന്റര്‍മാരും, മേഖലാ, സിറ്റീ ഉദ്യോഗസ്ഥരും കൗണ്‍സിലില്‍ പങ്കെടുത്തു.

എന്നാൽ ആരുടെയും വ്യക്തിപരമായ വിവരങ്ങളോ സന്ദേശങ്ങളോ പങ്കുവെക്കാറില്ലെന്ന് ടെലഗ്രാം അധികൃതർ അറിയിച്ചു. റഷ്യ ഉള്‍പ്പെടെ ഒരു രാജ്യത്തിനും ടെലഗ്രാം വിവരങ്ങള്‍ ചോര്‍ത്തി നല്‍കാറില്ലെന്നും നീക്കം ചെയ്യുന്ന സന്ദേശങ്ങള്‍ എന്നന്നേക്കുമായി നീക്കം ചെയ്യപ്പെടുമെന്നും അത് തിരിച്ചെടുക്കാന്‍ സാങ്കേതികമായി സാധിക്കില്ലെന്നും ടെലഗ്രാം അറിയിച്ചു.

ഏകദേശം 33,000 ടെലഗ്രാം ചാനലുകളാണ് യുക്രെയ്‌നില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ആശയ വിനിമയത്തിന് വേണ്ടി 75 ശതമാനം യുക്രെയ്ന്‍കാരും ഉപയോഗിക്കുന്നത് ടെലഗ്രാമാണ് . റഷ്യയിലും യുക്രെയ്‌നിലും വ്യാപകമായി ഉപയോഗിക്കുന്ന ആപ്പാണ് ടെലഗ്രാം. മാത്രവുമല്ല, 2022ല്‍ യുക്രെയ്‌നില്‍ റഷ്യ ആരംഭിച്ച അധിനിവേശം മുതല്‍ വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്ന പ്രധാന ആപ്പ് കൂടിയാണ് ടെലഗ്രാം.

Related Articles

Latest Articles