മോസ്കോ: യുക്രെയ്ന് ആയുധങ്ങള്‍ വീണ്ടും നല്‍കാനുള്ള അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും നീക്കത്തിന് മുന്നറിയിപ്പ് നൽകി റഷ്യ. ആയുധം നല്‍കിയാല്‍ തിരിച്ചടി പ്രവചനാതീതമായിരിക്കുമെന്നാണ് മോസ്കോയില്‍ നിന്നുള്ള ഔദ്യോഗിക നയതന്ത്ര കുറിപ്പില്‍ പറയുന്നത്. അമേരിക്കയിലെ ചാനലുകള്‍ ഇതിന്‍റെ പകര്‍പ്പ് പുറത്തുവിട്ടു.
രണ്ടു പേജുള്ള നയതന്ത്ര കുറിപ്പിലൂടെയാണ് റഷ്യ മുന്നറിയിപ്പ് നൽകിയത്. അമേരിക്കയുടെയും നാറ്റോയുടെയും ആയുധ കയറ്റുമതി യുക്രെയ്നിലെ സംഘര്‍ഷത്തിന് ഇന്ധനം പകരുന്നതാണെന്നും ഇത് പ്രവചനാതീതമായ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും നയതന്ത്ര കുറിപ്പിൽ പറയുന്നു. വാഷിങ്ടണ്ണിലെ റഷ്യന്‍ എംബസി വഴിയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പോര്‍ട്മെന്‍റിന് കുറിപ്പ് അയച്ചുകൊടുത്തത്.
ആയുധങ്ങളുമായുള്ള ആദ്യ കപ്പല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുക്രെയ്നില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയ്നിലെ കിഴക്കന്‍ മേഖലയിലാണ് റഷ്യന്‍ സൈന്യം ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. യുദ്ധം തുടങ്ങിയതു മുതല്‍ യു.എസ് മൂന്നു ബില്യണ്‍ ഡോളറിന്‍റെ സൈനിക സഹായമാണ് യുക്രെയ്ന് നല്‍കിയത്.

