Wednesday, December 24, 2025

ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവം: മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാര്‍ കീഴടങ്ങി; ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ തിരികെ വിളിക്കും

കലൂരിൽ നൃത്ത പരിപാടിക്കിടെ തൃക്കാക്കര എംഎൽഎ ഉമാ തോമസ് വിഐപി ഗ്യാലറയിൽ നിന്ന് താഴെ വീണുണ്ടായ അപകടവുമായി ബന്ധപ്പെട്ട് സംഘാടകരായ മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല പരിപാടി നടത്തിപ്പിന്‍റെ മുഖ്യചുമതല നിഗോഷിനായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സിഇഒയും മൊഴി നല്‍കിയത്.

മൃദംഗ വിഷന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ഇതിനായി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. മൃദംഗ വിഷന്‍റെ ബാങ്ക് അക്കൊണ്ടുകള്‍ മരവിപ്പിച്ചു. പണമിടപാടുകള്‍ ആദായ നികുതി വകുപ്പും പരിശോധിക്കുന്നുണ്ട്. സംഘാടകരായ മൃദംഗവിഷനുമായി സഹകരിച്ച മറ്റ് ഏജൻസികളുടെയും വ്യക്തികളുടേയും മൊഴികൾ രേഖപ്പെടുത്തും. പരിപാടിയില്‍ പങ്കെടുക്കാന്‍ ഓരോ കുട്ടികളില്‍ നിന്ന് 3,500 രൂപയും അതിന് പുറമേ സാരിക്ക് 1,600 രൂപ വീതവും ഈടാക്കിയന്നെ വെളിപ്പെടുത്തലുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു.

നൃത്ത പരിപാടിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പൊലീസിന് തിരിച്ചടിയായി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദിവ്യ ഉണ്ണി അമേരിക്കയിലാണ് സ്ഥിര താമസം. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിച്ചേക്കും എന്നാണ് വിവരം.

Related Articles

Latest Articles