Sunday, December 21, 2025

താങ്ങാനാവാത്ത ജോലി സമ്മർദം! സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏരിയ മാനേജർ ജീവനൊടുക്കിയ നിലയിൽ

ലക്നൗ : ജോലി സമ്മർദം താങ്ങാനാവാതെ 26 വയസുകാരി അന്ന സെബാസ്റ്റ്യൻ മരണപ്പെട്ടത് തൊഴിൽ പീഡനങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടതിന് പിന്നാലെ ഉത്തർപ്രദേശിലെ ജാൻസിയിൽ തൊഴിൽ സമ്മർദം മൂലം യുവാവ് ജീവനൊടുക്കി. ബജാജ് ഫിനാൻസിൽ ഏരിയ മാനേജറായി ജോലി ചെയ്യുന്ന തരുൺ സക്സേനയെ (42) ആണ് പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാനേജർമാരിൽ നിന്നുള്ള കടുത്ത മാനസിക സമ്മർദ്ദം വ്യക്തമാക്കുന്ന അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് തരുൺ ജീവനൊടുക്കിയത്. 45 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ടാർഗറ്റ് തികയ്ക്കാൻ മാനേജർമാർ കടുത്ത സമ്മർദം ഉണ്ടാക്കുന്നുവെന്നും ശമ്പളം കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ ബജാജ് ഫിനാൻസിന്റെ വിശദീകരണം വന്നിട്ടില്ല. കടുത്ത സമ്മർദം അനുഭവിച്ചിട്ടും ടാർഗറ്റ് പൂർത്തീകരിക്കാനാവുന്നില്ലെന്നും കത്തിൽ പറയുന്നു.

ബജാജ് ഫിനാൻസിന്റെ ലോണുകളുടെ തിരിച്ചടവ് തുക ശേഖരിക്കുകയായിരുന്നു തരുണിന്റെ ഉത്തരവാദിത്തം. എന്നാൽ പലരും തിരിച്ചടവ് മുടക്കുന്നത് മൂലം ടാർഗറ്റുകൾ തികയ്ക്കാൻ തരുണിന് സാധിച്ചില്ല. ഇതിനാൽ തന്നെ ജോലി നഷ്ടപ്പെടുമെന്നും തരുൺ ഭയപ്പെട്ടിരുന്നു.

“മാനേജർമാർ തുടർച്ചയായി അപമാനിക്കുന്നു. ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. ചിന്തിക്കാൻ പോലുമുള്ള കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞു. എനിക്കൊപ്പം ഒപ്പം ജോലി ചെയ്യുന്നവർക്കും ഇഎംഐ തുക ശേഖരിക്കാൻ പലപ്പോഴും സാധിക്കാറില്ല. സ്ഥാപനത്തിലെ മേലുദ്യോഗസ്ഥരോട് പലതവണ ഇത് പറഞ്ഞിട്ടും അവരാരും കേൾക്കാൻ തയ്യാറായില്ല. ഉറങ്ങിയിട്ട് 45 ദിവസമായി. കാര്യമായി ഭക്ഷണം കഴിക്കുന്നില്ല. വലിയ സമ്മർദത്തിലാണ്. എന്ത് വിലകൊടുത്തും ടാർഗറ്റ് തികയ്ക്കുകയോ അല്ലെങ്കിൽ ജോലി ഉപേക്ഷിച്ച് പോവുകയോ ചെയ്യണമെന്ന നിലപാടിലാണ് മാനേജർമാർ. ഇൻഷുറൻസ് തുക ലഭിക്കുന്നുവെന്ന് ബന്ധുക്കൾ ഉറപ്പാക്കണം. എന്നെ ദ്രോഹിച്ച മാനേജർമാർക്കെതിരെ പോലീസിൽ പരാതി നൽകണം. അവരാണ് തന്റെ തീരുമാനത്തിന് പിന്നിൽ” – തരുൺ സക്സേന ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

Related Articles

Latest Articles