ആരോപണ വിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് പത്ത് മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ അജിത്ത് കുമാറിനെ മാറ്റികൊണ്ടുള്ള ഉത്തരവ് ഇത് വരെയും പുറത്തിറങ്ങിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിഷയത്തിൽ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് വിവരം. അജിത്ത് കുമാറിനെ മാറ്റാതെ സ്വതന്ത്രമായ അന്വേഷണം നടക്കില്ല എന്ന വാദം ഇതിനോടകം ഉയർന്നിട്ടുണ്ട്.
ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി,പത്തനംതിട്ട എസ്‍പി സുജിത്ത് ദാസ് എന്നിവർക്കെതിരായ നടപടിയിലും ഇനിയും അന്തിമ തീരുമാനമായിട്ടില്ല. അജിത് കുമാറിനെ മാറ്റിയാൽ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും മാറ്റേണ്ട സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കാനാണ് എഡിജിപി എം ആർ അജിത്ത് കുമാറിനെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നതെന്നാണ് വിവരം.

