തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പുറത്തുപറഞ്ഞ ഡോക്ടർ ഹാരിസ് ഹസനെ സിപിഎം ഭീഷണിപ്പെടുത്തുന്നു. ഡോക്ടറുടെ ഭാര്യാ സഹോദരൻ സിപിഎം ജില്ലാകമ്മിറ്റി അംഗമാണ്. ഈ നേതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഫേസ്ബുക്ക് പോസ്റ്റുകൾ ഡോക്ടർ പിൻവലിച്ചതെന്ന് മുരളീധരൻ ആരോപിച്ചു. ഇത് സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലവിലുണ്ടെന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാഹത്യാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഗവർണർക്കെതിരെ പോലും മുഖ്യമന്ത്രി അമിതാധികാര പ്രയോഗം നടത്തുന്നു. സ്വകാര്യ പരിപാടിക്ക് പോലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നാണ് സർക്കാരിന്റെ തീട്ടൂരം. യൂണിവേഴ്‌സിറ്റി സെനറ്റ് ഹാൾ വാടകയ്‌ക്കെടുത്താൽ അവിടെ എങ്ങനെ പരിപാടി നടത്തണമെന്ന് സംഘടകരാണ് തീരുമാനിക്കേണ്ടത്. അതുപോലും അനുവദിക്കാതെ ഗവർണർ പങ്കെടുക്കുന്ന പരിപാടി മുടക്കാൻ സർക്കാർ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്തരുതെന്ന നിയമവും അടിയന്തരാവസ്ഥക്കാലത്ത് ലംഘിക്കപ്പെട്ടതായി വി മുരളീധരൻ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, പാർട്ടി നേതാക്കളായ സി കൃഷ്ണകുമാർ പി കെ കൃഷ്ണദാസ് വി ശിവൻകുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

