Sunday, December 14, 2025

കൊലക്കേസ് പ്രതിയെ നടുറോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ആലപ്പുഴ സ്വദേശിയെ വഴിയിലുപേക്ഷിച്ചത് അഗതി മന്ദിരം നടത്തിപ്പുകാർ ; 3 പേർ കസ്റ്റഡിയിൽ

തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപ്രതീക്ഷത വഴിത്തിരിവ്. ആലപ്പുഴ തെരുവൂർ സ്വദേശിയായ സുദർശനനെ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചത് എറണാകുളം കൂനമ്മാവിലുള്ള അഗതി മന്ദിരം നടത്തിപ്പുകാരാണെന്ന് കണ്ടെത്തി. ഇയാൾ കൊലക്കേസ് പ്രതിയായതിനാൽ കേസുമായി ബന്ധപ്പെട്ടുള്ള പ്രതികാരമായിരിക്കാം ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ആക്രമണത്തിൽ ഇയാളുടെ ജനനേന്ദ്രിയത്തിൽ അടക്കം മുറിവേറ്റിരുന്നു. തകർന്ന നിലയിലായിരുന്ന ജനനേന്ദ്രിയം ശസ്ത്രക്രിയചെയ്ത് നീക്കി. ആക്രമണത്തിൽ ഇയാൾക്ക് ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരൻ ഉൾപ്പെടെ മൂന്നു പേർ നിലവിൽ കൊടുങ്ങല്ലൂർ പോലീസിന്റെ കസ്റ്റഡിയിലാണ്.

പറവൂർ ഭാഗത്തുള്ള കൂനമ്മാവിലെ ഒരു അഗതി മന്ദിരത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. അവിടെ വെച്ചാണ് ഇയാൾ ആക്രമണത്തിന് ഇരയായതെന്നാണ് പോലീസ് കണ്ടെത്തൽ. അഗതി മന്ദിരത്തിലെ തന്നെ അന്തേവാസികളാണ് ഇയാളെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയ്യാറാകാതെ, അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരായ ആളുകൾ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുകയായിരുന്നു.

Related Articles

Latest Articles