ദില്ലി : ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭാരതം. അമേരിക്കയുടെ നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്നും ദേശീയതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും രാജ്യം കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
“ഈയടുത്തായി, റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ അമേരിക്ക ലക്ഷ്യംവെക്കുകയാണ്. ഇന്ത്യയുടെ ഇറക്കുമതി, വിപണിയിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് ഊര്‍ജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ഉള്ളതാണ്. മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ചെയ്യുന്ന അതേ നടപടികളുടെ പേരില്‍ ഇന്ത്യക്കുമേല്‍ അധികതീരുവ ചുമത്തിയ യുഎസ് നടപടി അത്യന്ത്യം ദൗര്‍ഭാഗ്യകരമാണ്.”- പ്രസ്താവനയിൽ വിദേശകാര്യമന്ത്രാലയം പറയുന്നു.
ഭാരതത്തിനെതിരെ ചുമത്തിയിരുന്ന കയറ്റുമതി തീരുവ വീണ്ടും 25 % കൂടി വർധിപ്പിച്ച ഉത്തരവിൽ ട്രമ്പ് ഒപ്പുവെച്ചിരുന്നു. ഇതോടെ ഭാരതത്തിനെതിരെ ചുമത്തിയിരിക്കുന്ന ആകെ തീരുവ 50 ശതമാനമായി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഭാരതം തയ്യാറാവാത്തതിനെ തുടർന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തുന്നതെന്നാണ് ട്രമ്പിന്റെ നിലപാട്. ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രമ്പിന്‍റെ ആദ്യ പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രമ്പ് അന്ന് പ്രഖ്യാപിച്ചിരുന്നു
ചര്‍ച്ചയിലൂടെ അമേരിക്കയുമായി വ്യാപാരക്കരാറുണ്ടാക്കിയാല്‍ തീരുവയിളവ് എന്നതായിരുന്നു ട്രമ്പിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ഇന്ത്യയും യുഎസും വ്യാപാരച്ചര്‍ച്ച ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍, ക്ഷീര, കാര്‍ഷിക വിപണികള്‍ അമേരിക്കയ്ക്ക് തുറന്നുനല്‍കുന്നതിന് ഇന്ത്യ എതിർപ്പറിയിച്ചതോടെ ചര്‍ച്ച പ്രതിസന്ധിയിലായിരുന്നു

