വയനാട് ദുരന്തം നടന്ന് 10 ദിവസം പിന്നിടുമ്പോഴും നടുക്കം മാറാതെ, കണ്ണീരുണങ്ങാതെ സംസ്ഥാനം ഒന്നാകെ വിങ്ങുകയാണ്. ഓരോ മഴക്കാലവും കേരളത്തിന് തീരാനോവാണ്. ഇത്തവണ മുണ്ടക്കൈ എങ്കിൽ അഞ്ച് വർഷം മുമ്പ് അത് കവളപ്പാറയായിരുന്നു. ദുരന്തത്തില്‍ ഒന്ന് ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ 59 ജീവനുകള്‍ മുത്തപ്പന്‍കുന്നിന്റെ മാറില്‍ പുതഞ്ഞിട്ട് ഇന്ന് അഞ്ചാണ്ട് തികയുകയാണ്.
2019 ആഗസ്റ്റ് എട്ടിനാണ് ദുരന്തം മലയോര മേഖലയെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തില്‍ വിഴുങ്ങിയത്. കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടി താഴ്വാരത്തെ 45 വീടുകള്‍ മണ്ണിനടിയിലായി. രാത്രി എട്ടോടെയുണ്ടായ ദുരന്തത്തില്‍ 59 ജീവനുകളാണ് നഷ്ടമായത്. ഇരുപത് ദിവസത്തോളം നീണ്ട തിരച്ചിലില്‍ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 11 പേർ മുത്തപ്പന്‍കുന്നിന്റെ മടിത്തട്ടില്‍ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഒരുകുടുംബത്തിലെതന്നെ നാലും അഞ്ചും അംഗങ്ങള്‍ ദുരന്തത്തിനിരയായി. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും ബന്ധുക്കളും സ്വന്തമായുണ്ടായിരുന്ന മണ്ണും കാലങ്ങളായി അധ്വാനിച്ചുണ്ടാക്കിയവയുമെല്ലാം മണ്ണിനടിയില്‍ പുതഞ്ഞപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയത് കുറച്ചുപേര്‍ക്ക് മാത്രം.
കവളപ്പാറ ദുരന്തം നടന്ന ദിവസംതന്നെയായിരുന്നു പാതാറിലും നാശം നേരിട്ടത്. വൈകീട്ട് അതിരുവീട്ടി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പാതാര്‍ എന്ന നാടുതന്നെ അപ്രത്യക്ഷമായിരുന്നു. കവളപ്പാറയില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള പാതാറില്‍ ആളപായമില്ലെന്നതായിരുന്നു ഏക ആശ്വാസം. ചരല്‍കൂനകളും കൂറ്റന്‍ പാറക്കെട്ടുകളും വന്മരങ്ങളും അടിഞ്ഞുകൂടി. റോഡ്, വീടുകള്‍, പള്ളി, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നാമാവശേഷമായി.
മലാംകുണ്ട്, മുട്ടിപ്പാലം, പാതാര്‍, പാത്രകുണ്ട്, വെള്ളിമുറ്റം, കൈപ്പിനി എന്നിവിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. പാതാറിൽനിന്ന് പടിഞ്ഞാറേ ഭാഗത്തുള്ള തേന്‍പാറ, ഗര്‍ഭംകലക്കി മലകളിലെ മണ്ണിടിച്ചിലാണ് അന്ന് നാശം വരുത്തിയത്. ആഘാതത്തില്‍നിന്ന് പലരും മോചിതരായിട്ടില്ല. ഇനിയും എത്ര വർഷം പിന്നിട്ടാലും, വിവിധയിടങ്ങളിലായി പുതുജീവിതം കെട്ടിപ്പടുക്കുമ്പോഴും ദുരന്തസ്മരണകള്‍ ഇവരെ വേട്ടയാടുകയാണ്.

