പത്തനംതിട്ട : വിഐപി പരിഗണനയിലുള്ള നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍. മനഃപൂർവ്വമല്ലാത്ത പിഴവ് സംഭവിച്ചുവെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ദിലീപിന് പ്രത്യേക പരിഗണ നല്‍കിയെന്ന വിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് ദേവസ്വംബോർഡ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരിൽ നിന്ന് വിശദീകരണം കേട്ട ശേഷം തുടർനടപടി സ്വീകരിക്കും.ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞിരുന്നു.
വ്യാഴാഴ്ച രാത്രി ഹരിവാസനം പാടുന്ന സമയത്തായിരുന്നു ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനത്തിന് വഴിയൊരുക്കിയത്. പത്ത് മിനിറ്റിലേറെ മുന്‍ നിരയില്‍ തന്നെ നിന്ന് ദര്‍ശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദര്‍ശനത്തിനും ക്യൂ നീങ്ങുന്നതിനും തടസം സൃഷ്ടിച്ചെന്നാണ് ആരോപണം. മാത്രമല്ല ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപവുമുയർന്നു.

