ദില്ലി: രാജ്യത്ത് ആധുനിക അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുന്ന ബജറ്റാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ എല്ലാ മേഖലയെയും സ്പർശിക്കുന്ന ഒരു ബജറ്റ് അവതരിപ്പിച്ചതിന് അദ്ദേഹം ധനമന്ത്രി നിർമ്മലാ സീതാരാമനെയും പ്രധാനമന്ത്രിയെയും അഭിനന്ദിച്ചു.130 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന പുതിയ ഭാരതത്തിനു അടിസ്ഥാന ശില പാകുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
കോവിഡിന് ശേഷം ഇന്ത്യൻ സമ്പത് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലാണെന്നും നടപ്പ് സാമ്പത്തിക വര്ഷം ജിഡിപി വളർച്ച 9.2 ശതമാനമായിരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സക്ഷം അങ്കണ്‍വാടി പദ്ധതിയില്‍ 2 ലക്ഷം അങ്കണ്‍വാടികള്‍ നവീകരിക്കും. ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ കൊണ്ടുവരും. ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി 1 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് പ്രത്യേകം ചാനലുകള്‍ ആരംഭിക്കും. പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍ അടക്കം 7 ഗതാഗത മേഖലകളില്‍ ദ്രുതവികസനം ലക്ഷ്യമിടുന്ന പിഎം ഗതിശക്തി പദ്ധതിയുടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 2022-23 ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കും.

