Wednesday, December 17, 2025

വയനാട് നാലുവരി തുരങ്കപാതയ്ക്ക് അനുമതി നൽകി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം! നിർമാണം അതീവശ്രദ്ധയോടെ നടത്തണമെന്ന് നിർദേശം

കോഴിക്കോട്∙ ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതിയാണ് നിര്‍ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നൽകിയത്.പരിസ്ഥിതി ആഘാതവും അവ ലഘൂകരിക്കാൻ സ്വീകരിക്കുന്ന നടപടികളും സൂചിപ്പിച്ച് കൊങ്കൺ റെയിൽ അധികൃതർ നൽകിയ വിശദീകരണം അംഗീകരിച്ചാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാര്‍ച്ചില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥി ആഘാത വിലയിരുത്തല്‍ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കുവിട്ടത്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നല്‍കിയത്. ഇതോടെ കരാര്‍ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാകും.

വിദഗ്ധസമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍

തുരങ്കപാതയുടെ നിര്‍മാണത്തിന്റെ ഖനനസമയത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഫോടനതിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ സിഎസ്‌ഐആര്‍, സിഐഎംഎഫ്ആര്‍ എന്നിവ നല്‍കിയിട്ടുള്ള മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ പദ്ധതി നിര്‍വാഹകര്‍ ശ്രദ്ധിക്കണം. വൈബ്രേഷന്‍, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ എന്നിവയിലുള്ള നിര്‍ദേശങ്ങളും പാലിക്കണം. ഇവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആറു മാസത്തില്‍ ഒരിക്കല്‍ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനും നിര്‍ദേശമുണ്ട്. നിര്‍മാണജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കണം.

പശ്ചിമമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാത ജൈവവൈവിധ്യ സമ്പന്നമാണ്. സംരക്ഷണ പട്ടികയിലുള്ള ബാണാസുര ചിലപ്പന്‍ അടക്കമുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ കാര്യങ്ങളും ചെയ്യണം. അപ്പന്‍കാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം, നിര്‍ദ്ധിഷ്ട പദ്ധതി പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ സ്ഥിരമായ നിരീക്ഷണം, കളക്ടര്‍ ശുപാര്‍ശ ചെയ്യുന്ന നാലുപേര്‍ അടങ്ങുന്ന വിദഗ്ദസമിതി രൂപീകരിക്കുക, നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മ്മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളും നല്‍കിയിട്ടുണ്ട്.

തുരങ്കപ്പാതയുടെ നിർമാണത്തിന് ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ്, റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി എന്നീ 2 കമ്പനികളെ ആണ് നേരത്തെ തിരഞ്ഞെടുത്തത്. 1341 കോടി രൂപയ്ക്ക് ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് തുരങ്കത്തിന്റെ നിർമാണവും 160 കോടി രൂപയ്ക്ക് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി അപ്രോച്ച് റോഡിന്റെ നിർമാണവുമാണ് ഏറ്റെടുക്കുക. സ്ഥലം ഏറ്റെടുപ്പും 90 ശതമാനം പൂർത്തിയാക്കി. വയനാട് തുരങ്കപാതയ്ക്കായി 2,134 കോടി രൂപ ഇത്തവണയും സംസ്ഥാന ബജറ്റിൽ നീക്കിവച്ചിരുന്നു.

രണ്ടു തുരങ്കമായാണ് പാത നിർമിക്കുക. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുക. ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷമാണ് പദ്ധതിക്ക് പച്ചക്കൊടി ലഭിക്കുന്നതും. നിർമാണത്തിനായി തിരഞ്ഞെടുത്ത രണ്ടു കമ്പനികൾക്ക് വർക്ക് ഓർഡർ നൽകാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കൊങ്കൺ റെയിൽ അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles