കൊച്ചി: ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേതൃയോഗത്തിൽ പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് റെനൈ കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കെ സുരേന്ദ്രൻ, ബിജെപി സംസ്ഥാന ഭാരവാഹികൾ, ജില്ലാ അധ്യക്ഷന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേതൃയോഗത്തിന്റെ തുടർച്ചയായി ശനിയാഴ്ച രാവിലെ മുതൽ തൃശ്ശൂരിൽ ബിജെപി സംസ്ഥാന ശില്പശാലയും നടക്കും.
ഇന്നലെ രാത്രിയാണ് അമിത് ഷാ കൊച്ചിയിൽ എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന നേതൃയോഗത്തിൽ പതിനൊന്നരയോടെ അമിത് ഷാ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊച്ചി നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ ഗതാഗത നിയന്ത്രണവുമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് അമിത് ഷായുടെ യാത്ര. ജൂലൈ മാസത്തിലും അദ്ദേഹം കേരളത്തിൽ എത്തിയിരുന്നു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപി കേന്ദ്രനേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. 20% തദ്ദേശ വാർഡുകൾ പിടിക്കുക എന്നതാണ് പാർട്ടിയുടെ ലക്‌ഷ്യം. 2 കോർപറേഷനുകൾ, 25 മുനിസിപ്പാലിറ്റികൾ, 300 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഭരണം പിടിക്കുകയാണ് ലക്ഷ്യം.

