ദില്ലി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അന്വേഷണത്തിനായി ഉന്നത തല സമിതിക്ക് മന്ത്രാലയം രൂപം നൽകി. സംസ്ഥാനങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ വിവരങ്ങൾ ചോദിച്ചിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ തന്നെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ജനങ്ങൾക്ക് നഷ്ടപ്പെട്ടത് 120 കോടിയാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ വിഷയം അദ്ദേഹത്തിന്റെ പ്രതിമാസ പരിപാടിയായ മൻ കി ബാത്തിൽ പ്രതിപാദിച്ചിരുന്നു. ഇതിനെതിരെ നടപടിയും ബോധവൽക്കരണവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
പോലീസ് വേഷത്തിൽ ക്രിമിനലുകൾ വീഡിയോ കോളിലെത്തി ഇരകളോട് അവർ ഡിജിറ്റൽ അറസ്റ്റിലാണെന്ന് അറിയിക്കുകയും അവിടെ നിന്ന് മാറാൻ അനുവദിക്കാതെ പലകാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. നിരവധി നിരപരാധികൾ ഈ തട്ടിപ്പിന് രാജ്യവ്യാപകമായി ഇരയാകുന്നുണ്ട്. ഇരകളാക്കപ്പെടുന്നവർക്കെതിരെ വാറണ്ട് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഡെബിറ്റ് കാർഡുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും രഹസ്യ വിവരങ്ങളും ഇവർ കൈക്കലാക്കുന്നുണ്ട്. ചിന്തിക്കാൻ അവസരം നൽകാതെ സമർത്ഥമായി സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ നടപടികൾ സ്വീകരിക്കാനും പൊതുജനങ്ങളെ ബോധവൽക്കരിക്കാനും സർക്കാർ വൃത്തങ്ങൾ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ആഹ്വനം ചെയ്‌തിരുന്നു. നിർത്തുക, ചിന്തിക്കുക, നടപടിയെടുക്കുക തുടങ്ങി മൂന്നു ഘട്ടങ്ങൾ ഇതിനെതിരെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. പിന്നാലെയാണ് അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചുകൊണ്ടുള്ള തീരുമാനം വന്നത്.

