Tuesday, December 16, 2025

രാജ്യത്ത് ഭൂരിപക്ഷത്തിനു ലഭിക്കുന്ന സൗകര്യങ്ങൾ ന്യൂനപക്ഷങ്ങള്‍ക്കും ഉറപ്പാക്കുന്നു! ,വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുൻഗണന നൽകുന്നുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കാണെന്നും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, ക്ഷേമം, നൈപുണ്യം, ആരോഗ്യം എന്നിവയ്ക്കു കേന്ദ്രസർക്കാർ മുന്‍ഗണന നല്‍കുന്നുവെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു . കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം(പി.എം.ജെ.വി.കെ.) ദക്ഷിണമേഖലാ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രം പ്രത്യേക പദ്ധതികളാണ് നടപ്പാക്കുന്നത്. മറ്റു രാജ്യങ്ങളില്‍ അവിടത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതികളാണ് ന്യൂനപക്ഷങ്ങള്‍ക്കും ബാധകമാവുന്നത്. എന്നാല്‍, ഇന്ത്യയില്‍ നടപ്പാക്കുന്ന പൊതുവായ പദ്ധതികള്‍ക്കു പുറമേ ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന പദ്ധതികളില്‍നിന്ന് അവര്‍ക്കു ഗുണം ലഭിക്കുന്നു. ഭൂരിപക്ഷത്തിനു ലഭിക്കുന്ന സൗകര്യങ്ങളും ന്യൂനപക്ഷങ്ങള്‍ക്കും കിട്ടുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, ക്ഷേമം, നൈപുണ്യം, ആരോഗ്യം എന്നിവയ്ക്കു കേന്ദ്രം മുന്‍ഗണന നല്‍കുന്നു. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.”- കിരണ്‍ റിജിജു പറഞ്ഞു.

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി വി.അബ്ദുറഹിമാന്‍, ദേശീയ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ സി.എം.ഡി. അഭാ റാണി സിങ്, ന്യൂപനക്ഷ വികസന കോര്‍പ്പറേഷന്‍ ജോയിന്റ് സെക്രട്ടറി റാം സിങ്, കെ.എസ്.ബി.സി.ഡി.സി. മാനേജിങ് ഡയറക്ടര്‍ എം.അഞ്ജന എന്നിവര്‍ പങ്കെടുത്തു.

Related Articles

Latest Articles