തിരുവനന്തപുരം∙ : കാസർകോട്- തിരുവനന്തപുരം റൂട്ടിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് (20633/20634) ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി. അതെ സമയം ട്രെയിനിന് എന്നു മുതൽ സ്റ്റോപ്പ് അനുവദിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനമാകും. ട്രെയിനിനു ദക്ഷിണ റെയിൽവെ നിർദേശിച്ച സമയമാറ്റവും അംഗീകരിച്ചു.
ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി വി.മുരളീധരൻ കത്തു നൽകിയിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നാലു ജില്ലകളിലെ ജനങ്ങൾക്കു പ്രയോജനപ്പെടുന്ന സ്റ്റേഷനാണെന്നും രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രവേശന കവാടമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവ് ഇറക്കിയത്. ശബരിമല തീർത്ഥാടനകാലം കൂടി കണക്കിലെടുത്ത് ഉണ്ടായ അതിവേഗ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും കേന്ദ്ര മന്ത്രി വി .മുരളീധരൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ നന്ദിയറിയിച്ചു. മണ്ഡല കാലമടുക്കുന്നതോടെ ശബരിമല തീർത്ഥാടകർക്കും വന്ദേ ഭാരതിന്റെ സൗകര്യം ഇതോടെ പ്രയോജനപ്പെടുത്താനാകും.

