കൊച്ചി : മാനേജരെ മര്‍ദ്ദിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഉണ്ണി മുകുന്ദന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെ നൽകിയിരിക്കുന്നത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്നാണ് ഹർജിയിൽ ഉണ്ണി മുകുന്ദൻ പറയുന്നത്.
“സിസിടിവി ക്യാമറയുള്ളിടത്താണ് സംഭവം നടന്നത്. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് ഇപ്പോൾ പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി സുഹൃത്തിനെ പോലെ കൂടെ നടന്നയാള്‍ തന്നെകുറിച്ച് അപവാദം പറഞ്ഞു നടന്നത് ചോദിക്കുക മാത്രമാണ് ചെയ്തത്. ഇതെല്ലാം ചോദിക്കുമ്പോൾ തങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെയുണ്ടായിരുന്നു.”- ഉണ്ണി മുകുന്ദൻ പറഞ്ഞു.
നേരത്തെ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന് കാണിച്ച് നടന്റെ മാനേജർ എന്നവകാശപ്പെടുന്ന വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിൽ തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഉണ്ണി മുകുന്ദനും വിപിനും സംസാരിക്കുന്നതും ഇരുവരും തർക്കിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഉണ്ണി മുകുന്ദൻ കൂളിംഗ് ഗ്ലാസ് പൊട്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ കൈയേറ്റം ചെയ്യുന്നത് സിസിടിവിയിലില്ല എന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വിപിൻ കുമാർ ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയത്. ഇയാളുടെ വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവർത്തിച്ചു വരികയാണ് പരാതിക്കാരൻ.നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മർദ്ദിച്ചതെന്നാണ് വിപിൻ കുമാർ ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്. നടൻ വധഭീഷണി മുഴക്കിയെന്നും മാനേജരുടെ കരണത്തടിച്ചുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.

