പത്തനംതിട്ട: പ്രത്യേക ക്യൂ ഇല്ലാതെ തിക്കിലും തിരക്കിലും വലഞ്ഞ് ഭക്തർ. 14 മണിക്കൂർ വരെ ക്യൂ നിന്നാണ് ഭക്തർ അയ്യപ്പ ദർശനം നടത്തുന്നത്. കുട്ടികളും പ്രായമായവരുമാണ് കൂടുതലും തിരക്കിൽ വലയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ വേണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. പ്രത്യേക ക്യൂ എന്നെഴുതിയ ഇടത്ത് എല്ലാവരെയും പ്രവേശിപ്പിക്കുന്നതായാണ് പരാതി.
നടപ്പന്തലിൽ നിന്ന് 18ാം പടിവരെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി 11 ന് ക്യൂ കോംപ്ലക്സിൽ ക്യൂ നിന്നവർ ഇന്ന് രാവിലെയായാണ് സന്നിധാനത്തെത്താൻ കഴിഞ്ഞത്. അടിസ്ഥാന സൗകര്യങ്ങളും കാര്യക്ഷമമല്ലെന്നും ഭക്തർ പരാതിപ്പെട്ടു. പലരും തിരക്കിൽ നിന്ന് കുഴഞ്ഞു വീണു.
പ്രത്യേക ക്യൂവിൽ മറ്റ് ഭക്തരും പ്രവേശിക്കുന്നതിനാൽ തിക്കിലും തിരക്കിലും പെട്ട് വലയുകയാണ് കുട്ടികളും മുതിർന്നവരും ഭിന്നശേഷിക്കാരും. കഴിഞ്ഞ വർഷം ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പ്രത്യേക ക്യൂ അനുവദിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ പ്രത്യേക ക്യൂവില്ല. അതേസമയം, തിരക്ക് കണക്കിലെടുത്ത് ദർശനം ഒരുമണിക്കൂർ കൂട്ടാനുള്ള തീരുമാനത്തിൽ ചർച്ച നടക്കുന്നുണ്ട്.
ഇന്നലെ അയ്യപ്പ ദർശനത്തിനെത്തിയ തമിഴ്നാട് സ്വദേശിനിയായ 12 വയസുകാരി പത്മശ്രി അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. മലകയറ്റത്തെ തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ട പത്മശ്രിയെ ഉടൻ കാർഡിയോളജി സെൻറ്ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി അടിയന്തര മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീർത്ഥാടകർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80,000 ആയി പരിമിതപ്പെടുത്തി.

