Tuesday, December 16, 2025

അർജുനെ അടിയന്തരമായി രക്ഷിക്കാൻ ഇടപെടണം: സുപ്രീംകോടതിയിൽ ഹർജി ! നാളെ പരിഗണിക്കുമെന്ന് കോടതി

അങ്കോല: കർണ്ണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസം തെരച്ചിൽ നടത്തിയിട്ട് യാതൊരു ഫലമില്ലെന്നും തെരച്ചിൽ ഊർജ്ജിതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അതേസമയം, ഹർജി നാളെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

മണ്ണ് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണം. കൂടാതെ, എല്ലാ സേനകളുടെയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ഇതിന് കോടതി ഇടപെടണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. അതേസമയം, ഷുരൂരിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ നാവിക സേന സംഘം എത്തിയിട്ടുണ്ട്. ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന സ്ഥലം കേന്ദ്രീകരിച്ച് രണ്ട് ജെസിബികൾ ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്.

ഉച്ചയോടെ രക്ഷാദൗത്യത്തിനായി സൈന്യമെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണ്ണായക ഇടപെടലിലാണ് രക്ഷാദൗത്യത്തിനായി സൈന്യമെത്തുന്നത്. കൂടാതെ, രക്ഷാദൗത്യത്തിന് ഐ എസ് ആർ ഒ യും രംഗത്തിറങ്ങുമെന്ന് സുരേഷ്‌ഗോപി അറിയിച്ചു. ഐ എസ് ആർ ഒ യുടെ പ്രത്യേക സംഘം ഉടൻ സ്ഥലത്തെത്തും. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം കഴിഞ്ഞ ദിവസം റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും അല്‍പ്പസമയത്തിനകം ആരംഭിക്കും. രക്ഷാദൗത്യം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തെ തടസപ്പെടുത്തുന്നുണ്ട്.

Related Articles

Latest Articles