വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം തേടുന്ന പ്രമേയം തിങ്കളാഴ്ച (നവംബർ 17) വോട്ടിനിടാനിരിക്കെ, ഗാസ മുനമ്പിനെ രണ്ടായി വിഭജിക്കാൻ യുഎസ് സൈന്യം പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുഎസ് സൈനിക ആസൂത്രണ രേഖകളെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇസ്രായേലിന്റെയും അന്താരാഷ്ട്ര സേനയുടെയും നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ എന്നും, പൂർണ്ണമായും തകർന്ന് കിടക്കുന്ന ‘റെഡ് സോൺ’ എന്നും ഗാസയെ വേർതിരിക്കും.
കിഴക്കൻ ഗാസയിൽ ഇസ്രായേൽ സൈനികർക്കൊപ്പം അന്താരാഷ്ട്ര സേനയെ ആദ്യ ഘട്ടത്തിൽ വിന്യസിക്കാനാണ് നീക്കം. നിലവിലെ ഇസ്രായേൽ നിയന്ത്രിത ‘മഞ്ഞ രേഖ’ (yellow line) ഉപയോഗിച്ച് യുദ്ധം തകർത്ത ഈ പ്രദേശം വിഭജിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗാസയിൽ ‘ഗ്രീൻ സോൺ’ സ്ഥാപിക്കാനുള്ള നീക്കം, യുഎസ് സൈനിക പരാജയങ്ങൾ നേരിട്ട അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിലെ സമാനമായ മാതൃകകളുമായി താരതമ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ട്രമ്പിന്റെ 20 ഇന പദ്ധതിയുടെ പ്രധാന ലക്ഷ്യം പലസ്തീൻ സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കുന്നതിനും, ഇസ്രായേലിനെ പ്രദേശത്തിന് പുറത്തുള്ള ഒരു ‘സുരക്ഷാ ചുറ്റളവി’ലേക്ക് പിൻവലിക്കുന്നതിനും വേണ്ടിയാണ്. അതിനിടെ, ഗാസയിലെ 80 ശതമാനത്തിലധികം കെട്ടിടങ്ങളും സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ തകർന്നിരിക്കുകയാണ്.
ട്രമ്പിന്റെ 20 ഇന പദ്ധതി അനുസരിച്ച്, ഗാസയുടെ ഭരണം നിർവഹിക്കാൻ *ബോർഡ് ഓഫ് പീസ്’ എന്നൊരു ഇടക്കാല ഭരണസമിതി രൂപീകരിക്കും. താൽക്കാലിക അന്താരാഷ്ട്ര സ്ഥിരതാ സേന (ISF) രൂപീകരിക്കാൻ പ്രമേയം അംഗരാജ്യങ്ങൾക്ക് അധികാരം നൽകും. ഇസ്രായേൽ, ഈജിപ്ത്, പുതിയ പലസ്തീൻ പോലീസ് എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ISF, ഗാസയുടെ അതിർത്തികൾ സുരക്ഷിതമാക്കുക, നിരായുധീകരണ ശ്രമങ്ങൾ നിരീക്ഷിക്കുക, സായുധ ഗ്രൂപ്പുകളിൽ നിന്നുള്ള ആയുധങ്ങൾ ശാശ്വതമായി ഉപയോഗശൂന്യമാക്കാൻ സഹായിക്കുക എന്നിവ ലക്ഷ്യമിടുന്നു. ISF മാനുഷിക സഹായത്തിനും സാധാരണക്കാരുടെ സംരക്ഷണത്തിനും പിന്തുണ നൽകും. യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കിയാൽ മാത്രമേ രാജ്യങ്ങൾ സൈനിക സഹായമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ ഉറപ്പ് നൽകുകയുള്ളൂവെന്നും യുഎസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. ഇസ്രായേലി സേനയെ പിൻവലിക്കുന്നതിനും പുനർനിർമ്മാണം ആരംഭിക്കുന്നതിനും അമേരിക്കൻ സൈനികരെ ഗാസയിലെ മണ്ണിൽ വിന്യസിക്കില്ലെന്ന് ട്രമ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

