വാർസോ : പോളണ്ട് സന്ദർശനം പൂർത്തിയാക്കി മടങ്ങവേ എയർ ഫോഴ്സ് വൺ വിമാനത്തിന്റെ പടിയിൽ തെന്നിവീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പോളണ്ടിലെ വാർസോയിൽ വിമാനത്തിന്റെ പടിക്കെട്ടിലൂടെ മുകളിലേക്കു കയറവേ അദ്ദേഹം അപ്രതീക്ഷിതമായി കാലിടറി തെന്നി വീഴുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം ഷെയർ ചെയ്യപ്പെടുകയാണ്. വീണു പോയെങ്കിലും ഉടനടി ചാടി എഴുന്നേൽക്കുന്ന പ്രസിഡന്റ് വിമാനത്തിനുള്ളിലേക്കു കയറി പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം .
ജോർജിയയിലേക്ക് പുറപ്പെടാനായി വിമാനം കയറുന്നതിനിടെ ആൻഡ്രൂസ് എയർഫോഴ്സ് ബെയ്സിൽവച്ചും ബൈഡൻ വിമാനത്തിലെ പടിക്കെട്ടിൽ തെന്നി വീണിരുന്നു. റഷ്യ യുക്രൈയ്ൻ യുദ്ധം ഒരു വർഷം പൂർത്തിയാകാനിരിക്കെ യുക്രൈയ്ന് പൂർണ പിന്തുണ അറിയിച്ചാണ് ബൈഡൻ കീവിലെത്തിയത്. തൊട്ടു പിന്നാലെ പോളണ്ടിലും ബൈഡൻ സന്ദർശനം നടത്തി.

