ദെഹ്‌റാദൂൺ : ഉത്തരകാശി മേഘവിസ്ഫോടനത്തിന് പിന്നാലെ ബന്ധപ്പെടാൻ സാധിക്കാതിരുന്ന മലയാളി സൈനികനും തീർത്ഥാടക സംഘവും സുരക്ഷിതരെന്ന് വിവരം. ഇവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവരെല്ലാവരും തന്നെ സുരക്ഷിതരാണെന്ന് സേന വ്യക്തമാക്കി. മുംബൈയിൽ നിന്നാണ് 28 അംഗ മലയാളി തീർത്ഥാടക സംഘം ഉത്തരാഖണ്ഡിൽ എത്തിയിരുന്നത്.
ഇന്നലെ രാവിലെ 8.30-ന് ശേഷം ഇവരേക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. പിന്നീട് ഇന്ന് 12.30-ഓടെയാണ് ഇവരുമായി ബന്ധപ്പെടാൻ സാധിച്ചത്. റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ഇവർ ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിയിരിക്കുകയാണ്. എന്നാൽ, ഇവരെല്ലാവരും സുരക്ഷിതരാണ്, ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കണ്ണൂർ സ്വദേശിയായ സൈനികൻ ശ്രീകാന്തും സുരക്ഷിതനാണെന്ന് സഹോദരൻ ശ്രീജിത്ത് വ്യക്തമാക്കി. ഇപ്പോൾ സുരക്ഷിതനാണെന്നും ക്യാമ്പ് ഒലിച്ചുപോയിട്ടുണ്ടെന്നും എന്നാൽ, എല്ലാ സൈനികരും സുരക്ഷിതരാണെന്നും വിവരം ലഭിച്ചതായി ശ്രീജിത്ത് വ്യക്തമാക്കി.

