വടക്കഞ്ചേരി: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിൽ നടക്കുന്ന നിയമലംഘനങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി ഡ്രൈവർ. യാത്രക്കാരെ ആകർഷിക്കാനായി ഉപയോഗിക്കുന്ന ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും അശ്രദ്ധമായ ഡ്രൈവിങ്ങിന് കാരണമാകുന്നുണ്ട്. ഉടമകളുടെ നിർബന്ധത്തിന് വഴങ്ങി തുടർച്ചയായി ഉറക്കമില്ലാതെ ബസ് ഓടിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന് ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു. മോട്ടോർവാഹന വകുപ്പ് ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്നും ഡ്രൈവർ പറഞ്ഞു.
നിയമം അനുശാസിക്കുന്ന യാതൊരു സുരക്ഷാമനദണ്ഡങ്ങളും പാലിക്കാതെയാണ് മിക്ക ബസുകളും സർവ്വീസ് നടത്തിയിരിക്കുന്നത്. ക്ഷീണം വരുമ്പോൾ ഡ്രൈവർമാർക്ക് വിശ്രമിക്കാനുളള ഡ്രൈവർ ക്യാബിനോ,രണ്ട് ഡ്രൈവറെന്ന നിബന്ധനയോ ഒന്നും ഇപ്പോൾ പാലിക്കപ്പെടുന്നില്ല. ബസിലെ അനാവശ്യ ലൈറ്റുകളും ശബ്ദസംവിധാനവും ഡ്രൈവർമാരുടെ ശ്രദ്ധയെ പൂർണ്ണമായി വഴിതെറ്റിക്കുകയാണ്.
‘വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ശരിക്കും ഈ ഉച്ചത്തിലുള്ള ശബ്ദം വലിയ ബുദ്ധിമുട്ടാണ്. ലോംഗ് യാത്രകളിൽ ഡ്രൈവർക്ക് കിടക്കാൻ ഒരു ക്യാബിൻ ഉണ്ടായിരുന്നു. ഇപ്പോൾ അത് വെട്ടിച്ചുരുക്കി സൗണ്ട് സിസ്റ്റമാണ് കയറ്റിയിരിക്കുന്നത്. കിടക്കാൻ പോലും സാധിക്കില്ല ഇപ്പോൾ ബസിൽ’ – ഡ്രൈവർ വെളിപ്പെടുത്തി

