സന്ദീപ് വാചസ്പതി എഴുതുന്നു
ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ വളയാത്ത നട്ടെല്ലിന്റെ ഉടമയ്ക്ക് അന്ത്യ പ്രണാമം. അടിയന്തരാവസ്ഥയിൽ ഏറ്റവും കൂടുതൽ മർദ്ദനം ഏറ്റു വാങ്ങിയ ശരീരമായിരുന്നു വൈക്കം ഗോപകുമാറിന്റേത്. ആർഎസ്എസ് പ്രാന്ത പ്രചാരക് ഭാസ്‌കർ റാവുവിനെ കാട്ടിക്കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആഴ്ചകളോളം കരുണാകരന്റെ പൊലീസ് സമാനതകൾ ഇല്ലാതെ പീഡിപ്പിച്ചത്. കാരണം അന്ന് പൊലീസിന് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള വ്യക്തിയായിരുന്നു വൈക്കം ഗോപകുമാർ. ആർ എസ് എസ് ആലപ്പുഴ ജില്ലാ പ്രചാരക്.
ഞാൻ മരിച്ചാലും ഭാസ്‌കർ റാവുജിയെയും സംഘടനയെയും ഒറ്റിക്കൊടുക്കില്ല എന്ന ദൃഡ നിശ്ചയം മർദ്ദനത്തിൽ തോത് കൂട്ടി.
ഗോപകുമാറിനെ ചോദ്യം ചെയ്യുന്നത് തനിക്ക് തത്സമയം കേൾക്കണം എന്നായിരുന്നു അന്നത്തെ ഡിസിസി പ്രസിഡന്റ് തച്ചടി പ്രഭാകരൻ പൊലീസിന് നൽകിയിരുന്ന നിർദ്ദേശം. അതനുസരിച്ച് ഇസ്‌പേഡ് ഗോപിയെന്ന രാക്ഷസൻ വൈക്കം ഗോപകുമാറിനെ മർദ്ദിക്കുന്നത് ടെലിഫോണിൽ കൂടി തച്ചടി പ്രഭാകരനെ കേൾപ്പിച്ചിരുന്നു. നിനക്കൊന്നും അനന്തര തലമുറ ഉണ്ടാകരുത് എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം. (ഒന്നര വർഷത്തെ തടവിന് ശേഷം ജയിലിൽ നിന്ന് ഇറങ്ങി വിവാഹിതനായി 3 മക്കളുമായി അതേ പൊലീസിന് മുന്നിലെത്തിയ പോരാളിയായിരുന്നു ഗോപൻ ചേട്ടൻ.)
ലിംഗം മേശപ്പുറത്ത് വെച്ച് റൂൾ തടി കൊണ്ട് ഉരുട്ടുക, വൃഷണങ്ങൾ ഞെരിച്ചുടയ്ക്കുക, ഗരുഡൻ തൂക്കം കെട്ടുക, കെട്ടി തൂക്കി ഇട്ട് മർദ്ദിക്കുക, ഉരുട്ടുക,
തല ഭിത്തിക്ക് ഇടിക്കുക ഇതൊക്കെയായിരുന്നു ചൊദ്യം ചെയ്യലിന്റെ അകമ്പടി. ഇതെല്ലാം ഫോണിൽ കേട്ട് അസ്വദിച്ചിരുന്ന തച്ചടി പ്രഭാകരനെപ്പറ്റി അതേ പൊലീസുകാരൻ തന്നെ പിന്നീട് ഗോപൻ ചേട്ടനോട് കുമ്പസാരിച്ചു.
പൂജപ്പുര സെൻട്രൽ ജയിലിൽ അടയ്ക്കുന്നത് വരെ ഇതൊക്കെ തുടർന്നു. പക്ഷെ അപ്പോഴും ഭാസ്‌കർ റാവു എന്നത് പൊലീസിന്റെ സ്വപ്നം മാത്രമായി അവശേഷിച്ചു. (ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് വൈക്കം ഗോപകുമാറിനെ കോടതിയിൽ പൊലീസ് ഹാജരാക്കിയത്.)
പൊലീസ് മർദ്ദിക്കാത്ത ഒരിഞ്ച് സ്ഥലം പോലും എന്റെ ശരീരത്തിൽ ഇല്ലെന്ന് ചിരിയോടെ ഗോപൻ ചേട്ടൻ പറയുമായിരുന്നു. ഏറ്റവും അവസാനം ജയിൽ മോചിതരാക്കിയവരിൽ ഒരാളും വൈക്കം ഗോപകുമാറായിരുന്നു. പിന്നീട് ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനായും ഗോപൻ ചേട്ടൻ പ്രവർത്തിച്ചു.
ഗോപകുമാറിനെ പോലെ
ഇന്ദിരാ- കരുണാകരൻ കൂട്ടുകെട്ടിനെ നേർക്ക് നേർ എതിരിട്ട നൂറു കണക്കിന് പോരാളികൾ കേരളത്തിൽ ഉണ്ടായിരുന്നു. നരകയാതന അനുഭവിച്ച് ശിഷ്ട ജീവിതം തള്ളി നീക്കിയപ്പോഴും ഒരു അവകാശ വാദത്തിനും പോകാതെ നിശബ്ദമായി ജീവിച്ചവർ. ഒരു സർക്കാർ സംവിധാനങ്ങളും അവരെ തിരിഞ്ഞു നോക്കിയില്ല.
ഫാസിസ്റ്റ് വിരുദ്ധ പോരാളികളായി സ്വയം മേനി നടിച്ച് സർക്കാർ സ്പോണ്സർഡ് ജീവിതം നയിച്ച പല കമ്മ്യൂണിസ്റ്റ് നേതാക്കളെയും അവർ പിന്നീട് കണ്ടു.
വരും തലമുറയ്ക്ക് ജനാധിപത്യത്തിന്റെ ശുദ്ധ വായു ശ്വസിക്കാൻ സ്വന്ത ജീവിതം ഹോമിച്ച,
ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ആണുങ്ങളിൽ ആണായ വൈക്കം ഗോപകുമാറിന് ആദരാഞ്ജലികൾ.

