ജയ്‌പൂർ : ഈ വർഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റും തമ്മിലുള്ള സംഘർഷം സന്ധിയില്ലാത്ത തുടരുന്നു . സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് അശോക് ഗെലോട്ടിന്റെ നേതാവെന്ന് സച്ചിൻ പൈലറ്റ് തുറന്നടിച്ചതോടെ രാജസ്ഥാനിൽ കോൺഗ്രസ്സിലെ ആഭ്യന്തര കലഹം കൂടുതൽ തീവ്രമാകുകയാണ്. നേരത്തെ സർക്കാർ അഴിമതികളിൽ വേണ്ടവിധം അന്വേഷണം നടത്തുന്നില്ല എന്നാരോപിച്ച് സച്ചിൻ പൈലറ്റ് ഏകദിന ഉപവാസം നടത്തിയിരുന്നു. തുടർന്ന് പാർട്ടി ദേശീയ നേതൃത്വം ഇടപെടുകയും പൈലറ്റ് ചെറിയ രീതിയിലാണെങ്കിൽ പോലും ആരോപണങ്ങളിൽ അയവ് വരുത്തുകയും ചെയ്തിരുന്നു. എന്നാലും വസുന്ധരയും ഗെലോട്ടും തമ്മിൽ രാഷ്ട്രീയ അന്തർധാര സജീവമാണെന്ന ചർച്ചകൾക്കിടെയാണ് സ്ഥിതിഗതികൾ കൂടുതൽ മോശമാക്കിക്കൊണ്ട് ഇപ്പോൾ കടുത്ത ആരോപണവുമായി സച്ചിൻ രംഗത്തെത്തിയിരിക്കുന്നത്.
2020ൽ കുറച്ചു എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് തന്റെ സർക്കാരിനെ വെല്ലുവിളിച്ചപ്പോൾ വസുന്ധര രാജെയാണു സഹായിച്ചതെന്നു കഴിഞ്ഞ ദിവസം ഗെലോട്ട് വെളിപ്പെടുത്തിയിരുന്നു. ‘‘ഇക്കാര്യം കേട്ടതോടെയാണ് ഗെലോട്ടിന്റെ നേതാവ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയല്ലെന്നും വസുന്ധരയാണെന്നും എനിക്ക് തോന്നിയത്. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പറയുന്നു, സർക്കാരിനെ രക്ഷിച്ചത് ബിജെപി നേതാവാണെന്ന്. ഈ വൈരുധ്യം ഗെലോട്ട് വിശദീകരിക്കണം’’– മാദ്ധ്യമങ്ങളോടു സച്ചിൻ പറഞ്ഞു.
സംസ്ഥാനത്തെ അഴിമതിക്കെതിരെ ഈ മാസം 11ന് അജ്മീറിൽനിന്ന് ജയ്പുരിലേക്ക് ‘ജൻസംഘർഷ്’ പദയാത്ര നടത്തുമെന്നും സച്ചിൻ പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും യാത്രയിൽ ഉയർത്തും. അഴിമതിക്കെതിരെ ഗെലോട്ട് സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണു സച്ചിൻ യാത്രയ്ക്കിറങ്ങുന്നത്. 2020ൽ സച്ചിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ ശ്രമം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഗെലോട്ട് രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു മറുപടി നൽകാൻ ജയ്പുരിൽ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു സച്ചിന്റെ കടുത്ത ആരോപണം.

