എ.ഐ. ക്യാമറ അഴിമതിയാരോപണത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എഐ ക്യാമറ കരാര്‍ ആദ്യാവസാനം തട്ടിപ്പാണ്. മാത്രമല്ല ഗൂഢാലോചനയോടെയാണ് കരാര്‍ തുടങ്ങിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ആരോപണം മുഖ്യമന്ത്രിയുടെ മുറിയ്ക്കകത്തേും വീടിനകത്തേക്കും വരെ എത്തിയിരിക്കുകയാണ്. മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് അവസാനമായി ഒരു അവസരം കൂടി നല്‍കുന്നുവെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
235 കോടി രൂപയുടെ എസ്റ്റിമേറ്റ് നടന്നതിലാണ് ആദ്യത്തെ ഗൂഢാലോചന നടന്നതെന്നും യഥാര്‍ത്ഥ വിലയേക്കാള്‍ ഇരട്ടിവില നിശ്ചയിച്ച് കോടികള്‍ കൊള്ളയടിക്കാന്‍ വ്യാജ എസ്റ്റിമേറ്റാണ് ഉണ്ടാക്കിയതെന്നും വി.ഡി സതീശൻ പറയുന്നു. പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഉപകരാര്‍ കൊടുക്കാന്‍ പാടില്ലെന്ന് ടെന്‍ഡര്‍ ഡോക്യുമെന്റില്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ അതും ഇവിടെ അപ്പാടെ ലംഘിച്ചുവെന്നും കെൽട്രോണിന്റെ ഒത്താശയോടെയാണ് വ്യവസ്ഥകളെല്ലാം ലംഘിച്ചതെന്നും സതീശന്‍ ആരോപിച്ചു.

