തിരുവനന്തപുരം : ഹിന്ദു ദിനപത്രത്തിലെ അഭിമുഖവും പിന്നാലെയുണ്ടായ പി ആർ ഏജൻസി വിവാദത്തിലും മുഖ്യമന്ത്രിയുടെ വിശദീകരണമുണ്ടായതിന് പിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേവകുമാറിന്റെ മകന്‍ പറഞ്ഞിട്ടാണോ മുഖ്യമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുന്നതെന്ന് ചോദിച്ച വി.ഡി. സതീശന്‍ അങ്ങനെയെങ്കില്‍ പി.ആര്‍.ഡിയും മാദ്ധ്യമ വിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്നും തുറന്നടിച്ചു.
“ദ ഹിന്ദുവില്‍ വന്ന അഭിമുഖത്തേക്കുറിച്ച് പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാനാവില്ല. പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രത്തിനെതിരെ മുഖ്യമന്ത്രി കേസ് കൊടുക്കുമോ? അത്രയും ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിതന്നെ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍തമ്മില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഒരു കാര്യം എഴുതിപ്പിടിപ്പിച്ച ഹിന്ദുവിനെതിരെയും കൈസൺ എന്ന ഏജന്‍സിക്കെതിരായും കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? വീണിടത്തുകിടന്നുരുളുകയാണ് മുഖ്യമന്ത്രി. ഗീബല്‍സിനെപ്പോലെ നുണപറയുകയാണ് അദ്ദേഹം. ആയിരംവട്ടം നുണപറഞ്ഞാല്‍ സത്യമാവുമെന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്. ആരെയാണ് അദ്ദേഹം പരിഹസിക്കുന്നത് ?
വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് ചിരിക്കുകയല്ല വേണ്ടത്, മറുപടി പറയണം. സെപ്റ്റംബര്‍ 13-ന് വേറൊരു പി.ആര്‍ ഏജന്‍സി ദില്ലിയിലെ മാദ്ധ്യമങ്ങള്‍ക്ക് മുഴുവന്‍ ഒരു വാര്‍ത്ത കൊടുക്കുന്നു. ആ വാര്‍ത്തയില്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി കേരളത്തില്‍, മലപ്പുറം ജില്ലയില്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്തിന്റെയും ഹവാലയുടേയും വിവരങ്ങളാണ്. 21-ാം തീയതി മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നു, അതില്‍ മൂന്നുകൊല്ലത്തെ കണക്കുകള്‍ പറയുന്നു. മലപ്പുറമെന്ന് പറയുന്നില്ല. വീണ്ടും ഇപ്പോള്‍ 29-ാം തീയതി ഹിന്ദുവിന് കൊടുത്ത ഇന്റര്‍വ്യൂവില്‍ അതിലും സ്വര്‍ണത്തിന്റെ അതേ കണക്ക്. എന്നിട്ട് മലപ്പുറത്തിന്റെ കാര്യം രണ്ടാമത് എഴുതിക്കൊടുക്കുന്നു. ഇതെല്ലാം ഒരു സ്ഥലത്ത് തയ്യാറാക്കിയതാണ്.” വി ഡി സതീശന്‍ പറഞ്ഞു.

