Thursday, December 18, 2025

വേദങ്ങള്‍ ജീവിതവിജയത്തിന്റെ മാര്‍ഗരേഖയാണെന്ന് വേദാചാര്യൻ ആചാര്യശ്രീ രാജേഷ്; കാശ്യപ സെന്റര്‍ ഫോര്‍ വേദിക് സ്റ്റഡീസിന്റെ പുതിയ വേദപഠനപദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വേദങ്ങള്‍ ജീവിതവിജയത്തിന്റെ മാര്‍ഗരേഖയാണെന്ന് പ്രമുഖ വേദപണ്ഡിതനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതിയുമായ ആചാര്യശ്രീ രാജേഷ്. കാശ്യപ സെന്റര്‍ ഫോര്‍ വേദിക് സ്റ്റഡീസ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന, ”ഹിന്ദുധര്‍മപഠനം വേദങ്ങളിലൂടെ”എന്ന പുതിയ വേദപഠനപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളയമ്പലം കനകക്കുന്നിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഹാളിലായിരുന്നു ചടങ്ങ് നടന്നത്.

“വ്യക്തിയുടെ മനസ്സിനെ പരിപാകപ്പെടുത്തിയെടുക്കുന്നതിലൂടെ കുടുംബഭദ്രത, സാമ്പത്തികഭദ്രത എല്ലാറ്റിലുമുപരി ആത്മസംതൃപ്തി തുടങ്ങിയ ജീവിതലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് പ്രാചീന കാലത്ത് വേദവിദ്യാഭ്യാസം നല്‍കപ്പെട്ടിരുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വേദങ്ങളിലെ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും ആധുനികകാലത്ത് പ്രസക്തി ഏറിവരികയാണ്. ഇവയെ പ്രായോഗികബുദ്ധിയോടെ സ്വീകരിച്ചുകൊണ്ട് ജീവിതത്തെ എങ്ങനെ മികവുറ്റതാക്കാം എന്നാണ് പുതിയ വേദപഠനപദ്ധതിയില്‍ പഠിപ്പിക്കുക.”- ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു.

ക്ലാസ്സുകള്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 8 മണിക്ക് തൈക്കാട് ഗാന്ധിഭവനില്‍വെച്ച് നടക്കും.

മാനസികസമ്മര്‍ദമില്ലാതാക്കുകയും ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രാചീന ധ്യാനപദ്ധതിയായ ബ്രഹ്‌മയജ്ഞം, ഗായത്രീധ്യാനം, ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നതിനുള്ള അഗ്നിഹോത്രം, രാവിലെ ഉണരുന്നതു മുതല്‍ ചെയ്യാനുള്ള വൈദികചര്യകളായ കരദര്‍ശനം, ഭൂമിവന്ദനം, തര്‍പ്പണം, ഭോജനമന്ത്രം, കൂടാതെ യജുര്‍വേദീയമായ ഭാഗ്യസൂക്തം, കൂട്ടായ്മയെ വളര്‍ത്തുന്ന ഋഗ്വേദത്തിലെ ഐകമത്യസൂക്തം, യജുര്‍വേദത്തിലെ ശിവസങ്കല്പസൂക്തം എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാണ്. ജാതി, മതം, ലിംഗം, പ്രായം എന്നിവയ്ക്ക് അതീതമായി ആര്‍ക്കും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം. സംസ്‌കൃതഭാഷാപരിജ്ഞാനം ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 94005 00995, +91 96450 90018 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles