Monday, December 22, 2025

വെങ്ങാനൂർ പൗർണ്ണമിക്കാവിൽ ഗുരുപൂർണ്ണിമ ആഘോഷം; ഞായറാഴ്ച നട തുറക്കും

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുരസുന്ദരി ദേവി ക്ഷേത്രത്തിൽ പൗർണ്ണമിയായ ഞായറാഴ്ച നട തുറക്കും. ആദിഗുരുവായ ശിവൻ സപ്തർഷികൾക്ക് യോഗ പകർന്നതിന്റെ ഓർമ്മപ്പെടുത്തലായ ഗുരുപൂർണ്ണിമയും അന്ന് ആഘോഷിക്കും.മലയാളിയും ശ്രീരാമകൃഷ്ണ ആശ്രമങ്ങളുടെ മഠാധിപതിയുമായിരുന്ന സ്വാമി സ്വപ്രഭാനന്ദ മഹാരാജ് ഗുരുപൂർണ്ണിമയ്ക്ക് കാർമികനാകും.

രാവിലെ മുതൽ കായംകുളം സനാതന ആദ്ധ്യാത്മിക പഠന കളരിയുടെ രാമായണമാസ കലാപരിപാടികളുമുണ്ടാകും. 11-ന് ശിവദം ഗ്രൂപ്പിന്റെ തിരുവാതിര, 12-ന് കുന്നമ്പുഴ തത്വമസി ഭജൻസിന്റെ ഭജനാമൃതം. ഉച്ചയ്ക്ക് രണ്ടുമുതൽ മംഗലത്തുകോണം ചിലമ്പ് അവതരിപ്പിക്കുന്ന തിരുവാതിര. മൂന്നുമുതൽ കല്ലിയൂർ ത്രയംബക നൃത്തസംഘത്തിന്റെ തിരുവാതിര, 4.30 മുതൽ തംബുരുവും പൗർണ്ണമിക്കാവും സംയുക്തമായി അവതരിപ്പിക്കുന്ന അൻപത് വീണാകലാകാരൻമാരുടെ വൈണികാർച്ചന. 6.15-ന് ലേഖാ തങ്കച്ചിയുടെ മോഹിനിയാട്ടം. 7.15-ന് അരകത്ത് ദേവീക്ഷേത്രം മാതൃസമിതിയുടെ ഭജനാമൃതവും തിരുവാതിരയും. 8.15-ന് തിരുവനന്തപുരം നാട്യദർപ്പണയുടെ നൃത്തനൃത്ത്യങ്ങൾ എന്നിവയും നടക്കും.
ശനിദോഷമുള്ളവർക്ക് ശനീശ്വരന്റെ നടയിൽ പൂജ ചെയ്യാം. പുലർച്ചെ 4.30 മുതൽ രാത്രി 10 വരെ നട തുറന്നിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Related Articles

Latest Articles