Sunday, December 21, 2025

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു; അതീവ ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കോളിളക്കമുണ്ടാക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്. അഫാനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതീവ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്

യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. എന്നാല്‍ സെല്ലിലെ മറ്റൊരു തടവുകാരനെ ജയില്‍ അധികൃതര്‍ നിരീക്ഷണത്തിന് നിയോഗിച്ചു. ഇയാള്‍ മാറുമ്പോള്‍ പകരം സംവിധാനം ഉണ്ടായില്ല. ഇത് ഉപയോഗപ്പെടുത്തിയാണ് അഫാന്റെ ആത്മഹത്യാ ശ്രമം. ഞായറാഴ്ച തടവുകാര്‍ക്ക് ഫോണ്‍ ചെയ്യാനും ടിവി കാണാനും അവസരമുണ്ട്. കൂടെയുള്ള തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ തക്കത്തിന് ഉണക്കാന്‍ ഇട്ടിരുന്ന മുണ്ടെടുത്ത് ശുചിമുറിയിലെ ഇരുമ്പു കമ്പിയിലാണ് തൂങ്ങാന്‍ ശ്രമിച്ചത്. ഇതിനിടെ വലിയ ഞരുക്കവും മറ്റും അടുത്തുള്ള ജയില്‍ ജീവനക്കാര്‍ കേട്ടു. ഓടി എത്തിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന അഫാനെയാണ് കണ്ടത്. ഇതോടെ ഇയാള്‍ ബഹളം വച്ചു. ഉടന്‍ മറ്റ് തടവുകാര്‍ അടക്കം ഓടിയെത്തി. കെട്ടഴിച്ച് താഴെ ഇറക്കി അഫാനെ ആശുപത്രിയില്‍ ആംബുലന്‍സില്‍ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു അപ്പോള്‍ അഫാന്‍. ആശപുത്രിയില്‍ കൊണ്ടു വന്നപ്പോള്‍ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം.

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്.

കൂട്ടക്കൊലപാതകത്തില്‍ ഇന്നലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെതിരെ പാങ്ങോട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച 450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളും 40 തൊണ്ടിമുതലുകളുമാണുള്ളത്. സല്‍മ ബീവിയോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കടവും അഫാനോട് കടക്കാര്‍ പണം തിരികെ ചോദിച്ചതിലുള്ള ദേഷ്യവുമായിരുന്നു കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Related Articles

Latest Articles