Friday, December 12, 2025

മണിക്കൂറുകൾ നീണ്ട വാദപ്രതിവാദം ! നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയുടെ ജാമ്യഹർജിയിലെ വിധി 29 ന്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വരുന്ന 29 ണ് വിധി പറയും. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്.

നവീൻ ബാബുവിനെ ഏതെങ്കിലും തരത്തിൽ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമർശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയിൽ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വൻ വാദിച്ചത്. ഒക്ടോബർ 18-നാണ് ദിവ്യയ്ക്കുവേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്ക്കെതിരേ ചുമത്തിയത്. ഒക്ടോബർ 14-ന് രാവിലെ കണ്ണൂരിൽ നടന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായ കളക്ടർ അരുൺ കെ. വിജയൻ പി.പി. ദിവ്യയെ കണ്ടിരുന്നു. വൈകുന്നേരം മൂന്നിന് എഡിഎമ്മിന് യാത്രയയപ്പ് നൽകുന്ന കാര്യം സംസാരിച്ചപ്പോൾ പങ്കെടുക്കാൻ സമ്മതിച്ചതായാണ് ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. മുൻകൂർ ജാമ്യാപേക്ഷയിയിലെ പ്രധാന വാദവും ഇതായിരുന്നു. അതേസമയം ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കളക്ടർ പറയുന്നത്. പ്രോസിക്യൂഷനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ദിവ്യക്കെതിരെ ശക്തമായ വാദങ്ങളാണ് കുടുംബത്തിന്റെ അഭിഭാഷകനും നടത്തിയത്. എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും വാദിച്ച കുടുംബത്തിൻ്റെ അഭിഭാഷകൻ, പെട്രോൾ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പ്രശാന്തിന്റെ പരാതികളിൽ പേരുകളിലെയും ഒപ്പുകളിലെയും വ്യത്യാസം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടന ഉത്തരവാദിത്വമുള്ള എഡിഎമ്മിനെ ദിവ്യ ഭീഷണിപ്പെടുത്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ എഡിഎമ്മിനോട് സ്ഥലം സന്ദർശിക്കാൻ പറയാൻ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷക്ക് സാധിക്കില്ല. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റിൻ്റെ പരിധിയിൽ വരുന്നതല്ല. ദിവ്യയുടെത് ആസൂത്രിത നടപടിയാണ്. നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് എഡിഎമ്മിനോട് വൈരാഗ്യം വരാൻ കാരണം. ഉപഹാരം നൽകുന്ന സമയത്ത് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ എഴുന്നേറ്റ് പോയത് അപമാനിക്കാൻ ഉദ്ദേശിച്ചാണ്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർ തന്നെ പറയുന്നു. അതിനാണ് പൊതുമധ്യത്തിൽ അപമാനിച്ചത്. ആ വീഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം. ആ വേദിയിൽ ദിവ്യയോട് തിരിച്ച് മറുപടി പറയാതിരുന്നത് നവീന്റെ മാന്യത. ഗൗരവതരമായ കുറ്റമാണ് ദിവ്യ ചെയ്തത്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണരുടെ മുന്നിൽ ദിവ്യ ഹാജരായില്ല. ദിവ്യയുടെ മകളുടെ കാര്യമല്ല, നവീൻ ബാബുവിന്റെ അന്ത്യ കർമ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടതെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

Related Articles

Latest Articles