കൊൽക്കത്ത: ശ്രീരാമനവമി ദിനമായ ഏപ്രിൽ 6 ന് സംസ്ഥാനത്ത് 5000 കേന്ദ്രങ്ങളിൽ ശ്രീരാമ മഹോത്സവവും 2000 ശോഭായാത്രകളും സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്. വി എച്ച് പി സൗത്ത് ബംഗാൾ സെക്രട്ടറി ചന്ദ്രനാഥ് ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ബംഗാളിൽ ഹിന്ദു ആഘോഷ പരിപാടികൾക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ പരിപാടികൾക്ക് സർക്കാർ സുരക്ഷ ഒരുക്കുമെന്ന് പ്രതീക്ഷയില്ലെന്നും ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ ശ്രീരാമ നവമി റാലികൾക്ക് നേരെ ആക്രമണമുണ്ടായി. ഭക്തർക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. ഇക്കാര്യങ്ങൾ പോലീസുമായി ചർച്ചചെയ്‌തു വരികയാണെന്നും എന്നാൽ സംഘടനയ്ക്ക് പോലീസിൽ വിശ്വാസമില്ലെന്നും സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിന്റെ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രാമ നവമി ദിനമായ ഏപ്രിൽ 6 മുതൽ ഹനുമാൻ ജയന്തി ദിനമായ ഏപ്രിൽ 12 വരെയാണ് ആഘോഷ പരിപാടികൾ. പൂജകൾക്കും, ശോഭായാത്രകൾക്കും പുറമെ ഭക്തി ഗാനാലാപനവും പ്രഭാഷണങ്ങളും സംസ്ഥാന വ്യാപകമായി നടക്കും. ആഘോഷ പരിപാടികളെ കുറിച്ചും ശോഭായാത്ര കടന്നുപോകുന്ന വഴികളെ കുറിച്ചുമെല്ലാം വിശദമായ കത്ത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

