ലഖ്‌നൗ : പാകിസ്ഥാൻ്റെ ഒരിഞ്ചു ഭൂമി പോലും ബ്രഹ്മോസ് മിസൈലിൻ്റെ ലക്ഷ്യപരിധിക്ക് പുറത്തല്ലെന്നും ഓപ്പറേഷൻ സിന്ദൂർ ഒരു ട്രെയിലർ മാത്രമായിരുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവിലെ സരോജിനി നഗറിലുള്ള ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയം ഭാരതത്തിന് ഒരു ശീലമായി മാറിയെന്ന് ഓപ്പറേഷൻ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു.
“ബ്രഹ്മോസ് ഒരു മിസൈൽ മാത്രമല്ല, അത് ഭാരതത്തിന്റെ തന്ത്രപരമായ ആത്മവിശ്വാസത്തിൻ്റെ തെളിവാണ്. കരസേന മുതൽ നാവികസേനയിലും വ്യോമസേനയിലും വരെ, ഇത് നമ്മുടെ പ്രതിരോധ സേനയുടെ പ്രധാന തൂണായി മാറിയിരിക്കുന്നു. ഭാരതത്തിന്റെ പ്രതിരോധ ശേഷി ഇപ്പോൾ ശക്തമായ പ്രതിരോധ സംവിധാനമായി വർത്തിക്കുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂർ ഒരു ട്രെയിലർ മാത്രമായിരുന്നു. ഭാരതത്തിന് പാകിസ്ഥാനെ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിൽ, സമയം വരുമ്പോൾ… ഞാൻ കൂടുതൽ പറയേണ്ടതില്ല, നിങ്ങൾക്കെല്ലാം വിവേകമുണ്ട്, വിജയം തങ്ങൾക്ക് ഒരു ചെറിയ സംഭവമല്ല, അതൊരു ശീലമായി മാറിയെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു.
ഓപ്പറേഷൻ സിന്ദൂർ ഭാരതീയർക്കിടയിൽ പുതിയ ആത്മവിശ്വാസം വളർത്തുകയും ബ്രഹ്മോസിൻ്റെ കാര്യക്ഷമത ലോകത്തിന് മുന്നിൽ തെളിയിക്കുകയും ചെയ്തു. ഈ ആത്മവിശ്വാസം നിലനിർത്തുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ഭാരതത്തിന് കഴിയുമെന്ന് ബ്രഹ്മോസ് നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തി.”- രാജ്‌നാഥ് സിങ് പറഞ്ഞു.
ലഖ്‌നൗ യൂണിറ്റിലെ ബ്രഹ്മോസ് നിർമ്മാണത്തെക്കുറിച്ച് സംസാരിച്ച രാജ്‌നാഥ് സിംഗ്, പ്രതിരോധ നിർമ്മാണത്തിൽ ഭാരതത്തിന്റെ വർധിച്ചുവരുന്ന ആത്മവിശ്വാസത്തെയും കഴിവിനെയും ഇത് പ്രതീകവൽക്കരിക്കുന്നതായി പറഞ്ഞു.
“ലഖ്‌നൗ എൻ്റെ പാർലമെൻ്റ് മണ്ഡലം മാത്രമല്ല, അത് എൻ്റെ ആത്മാവിലും കുടികൊള്ളുന്നു. ഇന്ന്, സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും നഗരമായ ലഖ്‌നൗ സാങ്കേതികവിദ്യയുടെയും വ്യവസായത്തിൻ്റെയും നഗരമായി മാറുകയാണ്. ഇവിടെ ബ്രഹ്മോസ് മിസൈലുകളുടെ വിജയകരമായ നിർമ്മാണം, ഒരിക്കൽ ഒരു സ്വപ്നമായിരുന്നത് യാഥാർത്ഥ്യമായി എന്ന് തെളിയിക്കുന്നു.”-രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിക്കുമ്പോൾ, ഇത് ഉത്തർപ്രദേശിന് അഭിമാനകരമായ നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണെന്നും പറഞ്ഞു. പ്രതിരോധ വ്യാവസായിക ഇടനാഴിക്ക് (UPDIC) കീഴിൽ, തദ്ദേശീയ പ്രതിരോധ നിർമ്മാണത്തിൻ്റെ ഒരു പ്രധാന കേന്ദ്രമായി യുപി വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, മന്ത്രി നന്ദ് ഗോപാൽ ഗുപ്ത നന്ദി എന്നിവരും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.

