Friday, December 19, 2025

മാസ്സ് എൻട്രയിൽ വിജയ്; ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം തുടങ്ങി

ചെന്നൈ: തമിഴ് സിനിമാ താരം വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം വൻ ജനസാന്നിധ്യത്തിൽ ആരംഭിച്ചു. വൈകുന്നേരം നാലോടെ വിജയ് വൻ ജനാവലിയുടെ ഇടയിലേക്ക് എത്തി, പ്രത്യേകമായി സജ്ജമാക്കിയ റാംപിലൂടെ നടന്ന് ആയിരക്കണക്കിന് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. വേദിയിൽ പാർട്ടിയുടെ ഔദ്യോഗിക ഗാനം അവതരിപ്പിക്കുകയും, വിജയ് 100 അടി ഉയരത്തിലുള്ള കൊടിമരത്തിൽ ചുവപ്പ്-മഞ്ഞ നിറത്തിലുള്ള പാർട്ടി പതാക ഉയർത്തുകയും ചെയ്തു.

തിരക്കിനിടെ, ഉഷ്ണത്തിലും നിർജലീകരണത്താലും നൂറിലധികം പേർ കുഴഞ്ഞുവീണതായും, സഹായത്തിനായി 35 ഡോക്ടർമാരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. വൈകുന്നേരം സമ്മേളനം ആരംഭിക്കുന്നതിനു മുൻപേ കലാപരിപാടികൾ ആരംഭിച്ചിരുന്നു.

വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ സജ്ജമാക്കിയ വേദിയിലാണ് സമ്മേളനം നടത്തുന്നത്. പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് സമ്മേളനത്തിൽ അവതരിപ്പിക്കും. 19 പ്രമേയങ്ങളാണ് സമ്മേളനത്തിൽ ചർച്ചയ്‌ക്കു വെയ്ക്കുന്നത്. ഫെബ്രുവരിയിൽ വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം, ഓഗസ്റ്റിൽ പാർട്ടിയുടെ പതാകയും ഗാനവും അവതരിച്ചു. ടിവികെയെ ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്

Related Articles

Latest Articles