Saturday, January 3, 2026

വിനയ് മോഹൻ ഖ്വാത്ര പുതിയ വിദേശകാര്യ സെക്രട്ടറി ആകും

ദില്ലി: ഇന്ത്യയുടെ നേപ്പാൾ അംബാസഡർ വിനയ് മോഹന്‍ ഖ്വാത്രയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയായി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1988 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് ഖ്വാത്ര.

അതേസമയം ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് വിനയ് മോഹന്‍ ഈ സുപ്രധാന ചുമതല ഏറ്റെടുക്കുന്നത്. വാഷിംഗ്ടൺ ഡിസി, ബീജിങ് തുടങ്ങിയിടങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഖ്വാത്രയ്ക്ക് വിദേശകാര്യ സേവനത്തില്‍ 32 വര്‍ഷത്തെ പരിചയമുണ്ട്. ഫ്രാന്‍സിന്റെ അംബാസഡര്‍ ഉള്‍പ്പെടെ നിരവധി സുപ്രധാന പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ലാണ് നേപ്പാൾ അംബാസഡറായി ഖ്വാത്ര ചുമതലയേൽക്കുന്നത്. ഏപ്രിൽ 30 നാണ് ഹർഷവർദ്ധൻ ശൃംഗ്ല വിരമിക്കുന്നത്. വിദേശകാര്യ സെക്രട്ടറിയെന്ന നിലയിൽ ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. ഖ്വാത്രയുടെ ചുമതല നിയമന കാര്യങ്ങൾക്കായുളള ക്യാബിനറ്റ് സമിതി അംഗീകരിച്ചു.

Related Articles

Latest Articles