മലപ്പുറം : അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റലുകൾ ഒഴിയണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. സമാധാനം പുനസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് മുതലാണ് സർവകലാശാല ക്യാംപസിനുള്ളിൽ സംഘർഷം ഉണ്ടായത്. 20 ലധികം പേർക്ക് പരുക്കേറ്റു.റിട്ടേണിങ് ഓഫിസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന യുഡിഎസ്എഫ് ആവശ്യത്തെ തുടർന്നാണ് വോട്ടെണ്ണുന്നതിനിടെ തർക്കം തുടങ്ങിയത്. ഇത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
കീറിയും ചവിട്ടേറ്റും 45 ലധികം ബാലറ്റ് പേപ്പറുകളാണ് നശിപ്പിക്കപ്പെട്ടത്. വോട്ടെണ്ണൽ തുടരണമെന്ന ആവശ്യവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കം നിലയുറപ്പിച്ചെങ്കിലും പോളിങ് ഏജന്റുമാരില്ലാതെ വോട്ടെണ്ണേണ്ടെന്ന് വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ രേഖാമൂലം പോളിങ് ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകി. വോട്ടെണ്ണാമെന്നായിരുന്നു റജിസ്ട്രാറുടെ നിലപാട്. എന്നാൽ, മതിയായ സുരക്ഷയും ഔദ്യോഗിക അറിയിപ്പുമില്ലാതെ എണ്ണാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

