പാരിസ് : ക്ളബിന്റെ സമ്മതമില്ലാതെ സൗദിയിലേക്ക് യാത്ര നടത്തിയതിൽ പിഎസ്ജിയോട് ഖേദം പ്രകടിപ്പിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. തന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിലൂടെയായിരുന്നു താരത്തിന്റെ ഖേദപ്രകടനം. മുൻകൂട്ടി നിശ്ചയിച്ച യാത്ര ഒഴിവാക്കാൻ കഴിയുമായിരുന്നില്ലെന്നും സഹതാരങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും മെസ്സി പറഞ്ഞു.
‘മത്സരശേഷം പതിവുപോലെ ഒരു ദിവസം അവധിയുണ്ടാകുമെന്നാണ് കരുതിയത്. ഈ യാത്ര നേരത്തെ നിശ്ചയിച്ചതായിരുന്നു. അതിനാൽ ഒഴിവാക്കാൻ കഴിഞ്ഞില്ല. നേരത്തെ ഒന്ന് ഒഴിവാക്കിയിരുന്നു…എന്റെ സഹതാരങ്ങളോട് ക്ഷമ ചോദിക്കുന്നു. ക്ലബിന്റെ നടപടികൾക്കായി കാത്തിരിക്കുന്നു..’ എന്നാണ് മെസ്സി ഇൻസ്റ്റഗ്രാമിൽ പറഞ്ഞത് .
സംഭവത്തെ തുടർന്ന് ഇന്നലെ പിഎസ്ജി താരത്തെ രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.വൈകുന്നേരത്തോടെ ഈ സീസണിന്റെ അവസാനത്തോടെ മെസ്സി ക്ലബ് വിടും എന്ന ഔദ്യോഗിക സ്ഥിരീകരണവുമുണ്ടായി. സസ്പെന്‍ഷന്‍ കാലത്ത് മെസ്സിക്ക് കളിക്കാനും പരിശീലിക്കാനും കഴിയില്ല . മാത്രമല്ല ഈ രണ്ടാഴ്ചക്കാലം താരത്തിന് പ്രതിഫലവും ലഭിക്കില്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി പന്ത് തട്ടാനാകുക മൂന്നു മല്‍സരങ്ങളിൽ മാത്രമാകും. സൗദി അറേബ്യയില്‍ ടൂറിസം പ്രചാരണത്തിനായാണ് സൗദി അറേബ്യന് ടൂറിസം അംബാസിഡർ കൂടിയായ മെസ്സി എത്തിയത്.നേരത്തെ ഫ്രാൻസിനെ ഫൈനലിൽ തോൽപ്പിച്ച് ലോകകപ്പ് ഉയർത്തിയ ശേഷം പിഎസ്ജി ആരാധകരും മെസ്സിയും സ്വരചേർച്ചയിലായിരുന്നില്ല.

