Tuesday, December 16, 2025

ചരിത്ര നേട്ടവുമായി വിഴിഞ്ഞം! ഫെബ്രുവരിയിലെ ചരക്ക് നീക്കത്തിൽ തെക്കു, കിഴക്കൻ മേഖലകളിൽ ഒന്നാമത്

തിരുവനന്തപുരം∙ വീണ്ടും ചരിത്ര നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖം. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്തായി വിഴിഞ്ഞമെത്തി.. വാണിജ്യപ്രവര്‍ത്തനം തുടങ്ങി മൂന്നു‌മാസം മാത്രം പിന്നിട്ട വിഴിഞ്ഞത്തിന്റെ നേട്ടം വിസ്മയകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചു.

മുഖ്യമന്ത്രി സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ ഇന്ത്യയിലെ തെക്കു, കിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ തുടങ്ങി എട്ടു മാസവും കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണ്. ഫെബ്രുവരി മാസത്തില്‍ 40 കപ്പലുകളില്‍ നിന്നായി 78833 ടിഇയു ചരക്കാണ് അദാനി വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കൈകാര്യം ചെയ്തത്.

ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്. കേരളത്തിന്റെ വികസനത്തില്‍ തുറമുഖത്തിന്റെ വളര്‍ച്ച മികച്ച രീതിയില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളില്‍ ഒന്നാക്കി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടു പോകും.

Related Articles

Latest Articles