ദില്ലി :റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡിസംബറിൽ ഭാരതം സന്ദർശിക്കും. ഡിസംബർ 5, 6 തീയതികളിൽ പുടിൻ ഇന്ത്യയിൽ ഉണ്ടാകുമെന്നാണ് സൂചന. ഈ ഉന്നതതല കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു പ്രധാന പ്രതിരോധ കരാർ ചർച്ച ചെയ്തേക്കുമെന്നും വൃത്തങ്ങൾ പറയുന്നു.
ഇന്ത്യയുടെ സൈനിക ശേഷി ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയുന്ന അത്യാധുനിക SU -57 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ ഇന്ത്യക്ക് വിൽക്കാൻ റഷ്യക്ക് താൽപ്പര്യമുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിഷയം സന്ദർശന വേളയിൽ ചർച്ചാവിഷയമാകും.
കൂടാതെ, ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കിക്കൊണ്ട്, നേരത്തെ കരാറായ എസ്-400 മിസൈൽ സംവിധാനത്തിന്റെ അന്തിമ വിതരണത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. എസ്-500 വ്യോമ പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള വിശദമായ ചർച്ചകളും അജണ്ടയിലുണ്ട്. എസ്-500 ന്റെ സംയുക്ത നിർമ്മാണത്തിനുള്ള സാധ്യതകൾ ഇരുരാജ്യങ്ങളും ആരായാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണത്തിലെ സുപ്രധാന നാഴികക്കല്ലായി മാറും.
അമേരിക്ക വ്യാപാര തീരുവകൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ വളരുന്നതിനിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ സന്ദർശന വാർത്തകൾക്ക് സ്ഥിരീകരണമാവുന്നത്. ഓഗസ്റ്റ് മാസത്തിൽ തന്നെ റഷ്യൻ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ്, പുടിന്റെ ഡിസംബറിലെ ഇന്ത്യാ സന്ദർശനം സ്ഥിരീകരിച്ചിരുന്നു. ഡിസംബറിലെ സന്ദർശനത്തിനുള്ള തയ്യാറെടുപ്പുകൾ ചൈനയിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പുടിൻ ചർച്ച ചെയ്യുമെന്നും അന്ന് അദ്ദേഹം അറിയിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് റഷ്യൻ എണ്ണ വാങ്ങിയതിന് മറുപടിയായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തിയതിന് പിന്നാലെയാണ് ഇരു രാജ്യത്തലവന്മാരുടെയും ചൈനയിലെ കൂടിക്കാഴ്ച പ്രഖ്യാപനം വന്നതെന്നതും ശ്രദ്ധേയമാണ്.

