Sunday, December 21, 2025

വി എസിന്റെ സംസ്‌കാരം ബുധനാഴ്ച; വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിക്കും

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കും. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.

മൃതദേഹം നിലവിലുള്ള എസ്.യു.ടി ആശുപത്രിയില്‍നിന്ന് അഞ്ചുമണിയോടെ എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. ഇവിടെ നിന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക്‌ കൊണ്ടുപോകും.

ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേയ്ക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. എല്ലാവര്‍ക്കും അവിടെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നാണ് വി എസ് അന്തരിച്ചത്.

Related Articles

Latest Articles