ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകള്‍ എണ്ണുന്നതിന് മുമ്പ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) വോട്ടുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് ശേഷമാണ് നിലവില്‍ വിവിപാറ്റ് വോട്ടുകള്‍ എണ്ണുന്നത് എന്ന് രാകേഷ് കുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മീനാക്ഷി അറോറ കോടതിയില്‍ ചൂണ്ടിക്കാട്ടി. എല്ലാ തിരഞ്ഞെടുപ്പ് ഏജന്റുമാരും പോയതിന് ശേഷം നടത്തുന്ന വിവിപാറ്റ് എണ്ണല്‍ കൊണ്ട് പ്രയോജനമില്ല. ഏജന്റുമാര്‍, പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ മുതലായവർ ഉള്ളപ്പോള്‍ വെരിഫിക്കേഷന്‍ നടത്തുകയാണ് വേണ്ടതെന്നും മീനാക്ഷി അറോറ വാദിച്ചു.
വിവിപാറ്റ് വോട്ടുകള്‍ എണ്ണുന്നത് സംബന്ധിച്ച് 2019-ലെ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവില്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. മറ്റന്നാള്‍ വോട്ടെണ്ണല്‍ നടക്കാനിരിക്കെ അവസാന നിമിഷം ഹര്‍ജിയുമായി കോടതിയില്‍ എത്തിയതിനാല്‍ എന്ത് ഉത്തരവ് ഇറക്കാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞു. നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകരോട് കോടതിയില്‍ ഹാജരായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരെഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മറ്റന്നാള്‍ നടക്കാനിരിക്കെയാണ് ഹര്‍ജി നാളെ പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ തീരുമാനം.

