കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും ഇനി അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടി പ്രതിചേര്‍ത്ത് സിബിഐ. അമ്മയേയും രണ്ടാനച്ഛനേയും പ്രതി ചേർത്ത് സിബിഐ ആറുകുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
കുട്ടിമധു, പ്രദീപ് എന്നിവര്‍ പ്രതിയായ ഒരു കേസിലാണ് ഇരുവരേയും സിബിഐ. പ്രതിചേര്‍ത്തത്. ഇതില്‍ കുട്ടിമധു പ്രതിയായ പീഡനക്കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കി. പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയിലുള്ള കേസിലും അമ്മയേയും രണ്ടാനച്ഛനേയും പ്രതിയാക്കാനുള്ള റിപ്പോര്‍ട്ടും ഫയല്‍ ചെയ്തു.
അട്ടപ്പള്ളത്തെ വീട്ടിലാണ് 2017 ജനുവരി ഏഴിന് 13 വയസ്സുകാരിയെയും മാര്‍ച്ചില്‍ ഒന്‍പതുവയസ്സുള്ള അനുജത്തിയെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.കേസിൽ സിബിഐ. 2021 ഡിസംബറിലാണ് ആദ്യ കുറ്റപത്രം നല്‍കിയത്. മൂത്ത കുട്ടിയുടെ മരണത്തില്‍ അട്ടപ്പള്ളം സ്വദേശി വി. മധു (വലിയ മധു), ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പള്ളം സ്വദേശി എം. മധു (കുട്ടിമധു), 16 വയസ്സുകാരന്‍ എന്നിവരാണ് പ്രതികള്‍. അനുജത്തിയുടെ മരണത്തില്‍ വലിയ മധുവും ആദ്യകേസിലുള്‍പ്പെട്ട 16 വയസ്സുകാരനും പ്രതികളാണ്.
കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുള്ളതായി ശക്തമായ തെളിവുകള്‍ സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐ അഭിഭാഷകന്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ഇരുവര്‍ക്കും എതിരാണ്. പ്രതികള്‍ക്ക് സമയന്‍സ് അയക്കുന്നത് സംബന്ധിച്ച് ആവശ്യം 25-ന് കോടതി പരിഗണിക്കും.

