ദില്ലി: വഖഫ് ഭേദഗതി ബില്ല് പരിഗണിച്ച സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് ഇന്നും ലോക്‌സഭയിൽ അവതരിപ്പിക്കില്ല. റിപ്പോർട്ട് അവതരണം ലോക്‌സഭയിൽ നേരത്തെ ലിസ്റ്റ് ചെയ്‌തിരുന്നു. റിവൈസ്ഡ് ലിസ്‌ററിലും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം റിപ്പോർട്ട് അവതരണം മാറ്റുകയായിരുന്നു. അടുത്ത് ലിസ്റ്റ് ചെയ്യുന്ന മുറയ്ക്ക് റിപ്പോർട്ട് അവതരിപ്പിക്കുമെന്ന് ജെ പി സി അദ്ധ്യക്ഷൻ പറഞ്ഞു.
അതേസമയം റിപ്പോർട്ടിനെതിരെ ആരോപണവുമായി പ്രതിപക്ഷ അംഗങ്ങൾ രംഗത്തുവന്നു. വിയോജനക്കുറിപ്പുകൾ എഡിറ്റ് ചെയ്‌താണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്ന് അവർ ആരോപിച്ചു.റിപ്പോർട്ടിനെ കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് മുസ്ലിം ലീഗ് അംഗങ്ങളും ആരോപിച്ചു.
എന്നാൽ തീർത്തും ജനാധിപത്യപരമായിട്ടാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളതെന്ന് അദ്ധ്യക്ഷൻ ജഗദംബിക പാൽ പറഞ്ഞു. അഭിപ്രായങ്ങളെല്ലാം വോട്ടിനിട്ടിരുന്നു. പാർലമെന്റിലും ഈ രീതിയിൽ തന്നെയാണ് നിയമനിർമ്മാണം. ആറുമാസം സമയമെടുത്ത് എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചു. വിയോജനക്കുറിപ്പുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 480 പേജുള്ള റിപ്പോർട്ടിൽ 281 പേജും വിയോജനക്കുറിപ്പുകളാണെന്നും അൺ പാർലമെന്ററി പദപ്രയോഗങ്ങളും കുറ്റപ്പെടുത്തലുകളുമാണ് എഡിറ്റ് ചെയ്‌ത് ഒഴിവാക്കിയതെന്നും അദ്ധ്യക്ഷൻ അറിയിച്ചു.

