Saturday, January 3, 2026

‘സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം തന്റെ ബിസിനസ്സ് നന്നായി നടക്കുന്നില്ല’; ഗോഡൗണില്‍ നിന്ന് കടത്തിയത് 590 ടിവികള്‍;രാജസ്ഥാനിൽ വെയര്‍ഹൗസ് മാനേജര്‍ അറസ്റ്റില്‍

ജയ്പൂർ: രാജസ്ഥാനിൽ ഗോഡൗണില്‍ നിന്ന് 590 എല്‍ഇഡി ടിവികള്‍ മോഷ്ടിച്ച സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ അറസ്റ്റില്‍. 39 കാരനായ നാഗൗര്‍ സ്വദേശിയായ ദിനേശ് ചിറ്റ്ലംഗിയ എന്നയാളാണ് പോലീസ് പിടിയിലായത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമല്‍ തോഷ്നിവാള്‍ എന്നയാള്‍ തന്റെ ഗോഡൗണില്‍ നിന്ന് 590 എല്‍ഇഡി ടിവികള്‍ മോഷണം പോയതായി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ ബില്ലിംഗ് സംവിധാനം പരിശോധിച്ചപ്പോള്‍ എസ്എസ് ഇലക്ട്രോണിക്സിന്റെ പേരില്‍ നല്‍കിയ രണ്ട് ഇ-വേ ബില്ലുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

തുടർന്ന് പരാതിക്കാരന്റെ കമ്പനിയുടെ മാനേജര്‍ ഈ രണ്ട് ബില്ലുകള്‍ നല്‍കുകയും രണ്ട് ട്രക്കുകളിലായി 590 എല്‍ഇഡി ടിവികള്‍ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി കണ്ടെത്തി.

ഇതോടെ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്യുകയും എല്‍ഇഡി ടിവികള്‍ അടങ്ങിയ ട്രക്കുകള്‍ കണ്ടെത്തുകയും ചെയ്തു. ദിനേശിന്റെ ഫോണ്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം മോഷ്ടിച്ച ടിവികളെല്ലാം വസന്ത് കുഞ്ച് എന്‍ക്ലേവിലെ വാടക സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍, തന്റെ പേരില്‍ നാഗൗറില്‍ എസ്എസ് ഇലക്ട്രോണിക്സ് എന്ന കട നടത്തുന്നുണ്ടെന്ന് ദിനേശ് വെളിപ്പെടുത്തി.

മാത്രമല്ല സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം തന്റെ ബിസിനസ്സ് നന്നായി നടക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരാതിക്കാരന്റെ ഗോഡൗണില്‍ നിന്ന് ടിവികള്‍ മോഷ്ടിച്ചതെന്നും ദിനേശ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

Related Articles

Latest Articles