തൃശ്ശൂർ : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതിഭീമമായ മഴയുണ്ടാകുന്ന പക്ഷം അടിയന്തര ഘട്ടത്തില്‍ രാത്രികാലങ്ങളിലും ഷട്ടറുകള്‍ തുറന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയുള്ള സമയങ്ങളില്‍ സ്ലൂയിസ് വാല്‍വുകള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ ഇടമലയാര്‍ റിസര്‍ച്ച് & ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പെരിങ്ങല്‍ക്കുത്ത് ഡാമിലെ അധികജലം ഒഴുക്കി വിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണം. പുഴയില്‍ മത്സ്യബന്ധനം അനുവദിക്കുന്നതല്ലെന്നും കളക്ടർ അറിയിച്ചു.

